കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ റിമാന്‍ഡില്‍. സ്‌ഫോടക വസ്തു എറിഞ്ഞതിനുശേഷം ഹോക്കി സ്റ്റിക്കുകളും മാരകായുധങ്ങളുമായി അക്രമികള്‍ ഹോസ്റ്റലിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
ബുധനാഴ്ച രാത്രിയോടെയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാരകായുധങ്ങളുമായി ഒരുവിഭാഗം കായിക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്. ഡിഎസ് യു ചെയര്‍മാന്‍ സ്‌നേഹില്‍ ഉള്‍പ്പടെ പതിനഞ്ചോളം എസ്എഫ്‌ഐക്കാര്‍ക്കാണ് സാരമായി പരിക്കേറ്റത്.
കായിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളായ തൃശൂര്‍ സ്വദേശി അരവിന്ദ് മേനോന്‍,വയനാട് സ്വദേശി അക്ഷയ്, പരപ്പനങ്ങാടി സ്വദേശി അതുല്‍,അരീക്കോട് സ്വദേശി അന്‍ഷാദ് എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞായിരുന്നു അക്രമികള്‍ മെന്‍സ് ഹോസ്റ്റലിലേക്ക് ഇരച്ചു കയറിയത്. ലഹരി ഉപയോഗത്തിനെതിരെ സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയതാണ് അക്രമത്തിന് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ എം.ബി സ്‌നേഹിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ നാലു പേരെയും പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.