തൃശൂര്‍ മുപ്ലിയത്ത് വെട്ടേറ്റ അഞ്ച് വയസുകാരാന് ദാരുണാന്ത്യം. ആസാം സ്വദേശിയായ നജിറുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. നജിറുള്‍ ഇസ്ലാമിന്‍റെ മാതാവ് നജ്മ കാട്ടുവിനെ വെട്ടേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റി. നജ്മയുടെ അടുത്ത ബന്ധുവായ ജമാല്‍ ഹൊസൈന്‍ ആണ് ആക്രമണം നടത്തിയത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണം
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം. മുപ്ലിയത്തെ ഹോളോബ്രിക്സ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നജ്മയും ഭര്‍ത്താവ് ബഹാറുല്‍ ഇസ്ലാമും. ഈ സ്ഥാപനത്തോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഈ ദമ്പതികളും ആറും അഞ്ചും വയസുള്ള കുട്ടികളും കഴിഞ്ഞിരുന്നത്. നജ്മയുടെ പിതാവിന്‍റെ സഹോദരന്‍റെ മകനായ ജമാല്‍ ഹൊസൈനാണ് കൃത്യം നടത്തിയത്. നേര്യമംഗലത്ത് കോഴിക്കടയില്‍ ആണ് ഇയാള്‍ക്ക് ജോലി.
ഇന്നലെ രാത്രിയാണ് ഇയാള്‍ മുപ്ലിയത്തെത്തിയത്. ഇന്ന് രാവിലെയാണ് അഞ്ച് വയസുകാരന്‍ നജിറുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. രണ്ട് വയസുള്ള പെണ്‍കുട്ടിയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ നജ്മയെയും ഇയാള്‍ വെട്ടി. കൈകള്‍ക്ക് ഗുരുതര പരിക്കേറ്റ നജ്മയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജമാലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത് ഈ സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളാണ്.
നജ്മയുടെ പിതാവും അജ്മലിന്‍റെ പിതാവുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആസാമിലേക്ക് പോകണമെന്ന് നജ്മയോടും കുടുംബത്തോടും അജ്മല്‍ ആവശ്യപ്പെട്ടു. ഇത് നിരാകരിച്ചതോടെ ഇയാള്‍ പ്രകോപിതനായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസം മുമ്പാണ് ഈ കുടുംബം മുപ്ളിയത്തെ ഹോളോബ്രിക്സ് നിര്‍മാണ കമ്പനിയിലെത്തിയത്. വരന്തരപ്പിള്ളി പൊലീസ് അജ്മലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കീഴടക്കുന്നതിനിടെ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.