കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മറ്റുപ്രതികളായ വിവി സുധാകരന്‍, കെ.ടി ജയേഷ്, സി.പി രഞ്ജിത്, പി.പി അജീന്ദ്രന്‍, ഐ.വി അനില്‍, പി.പി രാജേഷ്, ടി.വി ഭാസ്‌കരന്‍ സഹോദരങ്ങളായ വി.വി ശ്രീകാന്ത്, വി.വി ശ്രീജിത് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി. ആയുധംകൊണ്ട് പരിക്കേല്‍പ്പിച്ച കുറ്റത്തിന് 5 പ്രതികള്‍ 143, 148 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരെന്ന് നേരത്തെ കാടതി കണ്ടെത്തിയിരുന്നു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയില്‍ തൃപ്തിയില്ലെന്നും അമ്മ ജാനകി പറഞ്ഞു.
2005 ഒക്ടോബര്‍ രണ്ടിന് രാത്രി ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് കേസ്.
ക്ഷേത്രത്തിനടുത്ത കിണറിനു പിന്നില്‍ പതിയിരുന്ന പ്രതികള്‍ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാള്‍, സ്റ്റീല്‍പൈപ്പ് എന്നിവയാണ് പ്രതികള്‍ കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍, പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരന്‍, അഡ്വ. പി. പ്രേമരാജന്‍, അഡ്വ. ടി. സുനില്‍ കുമാര്‍ എന്നിവര്‍ ഹാജരായി. തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ.ജോസ് ആണ് ശിക്ഷ വിധിച്ചത്.