ഷാരോൺ വധ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നു കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും..
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവനാണ് തെളിവ് നശിപ്പിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ.
തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടത്. അതേസമയം കോടതി വിധിയിൽ തൃപ്തരെന്ന് പൊലീസും പ്രോസിക്യൂഷനും അറിയിച്ചു. ആദ്യഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പൊലീസ് അടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.