കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഹോട്ടലുടമയിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനശ്രമം. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടു. കേസിൽ ഹോട്ടലുടമയടക്കം മൂന്നു പേർക്കായി തെരച്ചിൽ തുടരുന്നു.
മുക്കം മാമ്പറ്റയിൽ പുതുതായി തുടങ്ങിയ സങ്കേതം ഹോട്ടലിൽ ജീവനക്കാരിയായ യുവതിക്കാണ് ഹോട്ടലുടമയിൽ കൂട്ടാളികളിൽ നിന്നും ക്രൂരമായ പീഡനശ്രമം നേരിടേണ്ടിവന്നത്. അതിൽനിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ യുവതിക്ക് വീണ് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ യുവതി കെട്ടിടത്തിനു മുകളിൽ നിന്നും വീണതാണ് എന്ന വാദമായിരുന്നു ഹോട്ടൽ ഉടമയും കൂട്ടാളികളും പറഞ്ഞിരുന്നത്.
എന്നാൽ, ഹോട്ടൽ ഉടമ തന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരുന്നത്. തുടർന്ന് മുക്കം പൊലീസ് ഹോട്ടൽ ഉടമ ദേവദാസ്, കൂട്ടാളികളായ റിയാസ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് യുവതിയുടെ കുടുംബം തന്നെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.
വീഡിയോ ഗെയിം കളിക്കുകയായിരുന്ന യുവതിയെ ക്രൂരമായി പീഡിപ്പിക്കാനായിരുന്നു ഹോട്ടൽ ഉടമ ശ്രമിച്ചതെന്ന് ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ക്രൂരമായ പീഡന ശ്രമം നടന്നിട്ടും ഹോട്ടൽ ഉടമയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാൽ പ്രതികൾ ഒളിവിൽ പോയി എന്നാണ് പൊലീസിന്റെ വാദം.