കോഴിക്കോട് മുക്കത്ത് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. മാമ്പറ്റയിലെ സങ്കേതം ഹോട്ടലുടമ ദേവദാസിനെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്നംകുളത്ത് വെച്ച് ബസിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പീഡിപ്പിക്കാൻ ശ്രമിച്ചവർക്ക് മുൻപിൽ ചെറുത്തുനിന്ന യുവതിയുടെ നിലവിളി കേരളത്തിൻ്റെ മനസ്സാക്ഷി പൊള്ളിച്ചിരുന്നു. ആ സംഭവത്തിലെ മുഖ്യപ്രതിയായ കോഴിക്കോട് മാമ്പറ്റ സങ്കേതം ഹോട്ടൽ ഉടമ ദേവദാസിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന അഞ്ചുദിവസത്തോളമായി പ്രതി ഒളിവിലായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ ആദ്യം പൊലീസിനെ കബളിപ്പിക്കാൻ പ്രതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഫോൺ പിന്തുടർന്ന പൊലീസ് ഇയാൾ ബസ്സിൽ എറണാകുളത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് ബസ് ജീവനക്കാരുടെ സഹായത്തോടെയാണ് കുന്നംകുളത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും യുവതി ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും താമരശ്ശേരി ഡിവൈഎസ്പി എ.പി.ചന്ദ്രൻ പറഞ്ഞു. പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതി താമസിച്ചിരുന്ന വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അതിനിടെ സങ്കേതം ഹോട്ടലിനു മുൻപിൽ പ്രതിഷേധിക്കുകയായിരുന്ന ബിജെപി പ്രവർത്തകർ പ്രതിക്കുനേരെ പ്രതിഷേധവുമായി എത്തി. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് മടങ്ങുമ്പോൾ പ്രതിക്കുനേരെ കൂവി വിളിച്ചു. കേസിലെ കൂട്ടുപ്രതികളായ റിയാസ്, സുരേഷ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.