രാജ്യത്ത് മഴ ശക്തമായതോടെ ചെങ്കണ്ണ് പടരുന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണില്‍ എന്തെങ്കിലും തരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ക്കൊപ്പം ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വളരെയധികം തീവ്രതയുള്ള രോഗമായതിനാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും ചെയ്യും. സ്‌കൂള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികള്‍ കൂടുതല്‍ കരുതല്‍ വേണം. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്.
മറ്റു ശരീരഭാഗങ്ങള്‍ക്ക് അലര്‍ജി പിടിപെടുന്നതുപോലെ പൊടി, പുക, മൃഗങ്ങളുടെ രോമം, പുഴു എന്നിവയില്‍ നിന്നുള്ള അലര്‍ജി മൂലം ചെങ്കണ്ണ് ബാധിക്കാം. അലര്‍ജിയുണ്ടാക്കിയ സാധനവുമായുള്ള ബന്ധം മാറുന്നതോടെ കണ്ണിലെ അസ്വസ്ഥതയും സാധാരണഗതിയില്‍ മാറും. കണ്ണുനീര്‍ ഉത്പാദനം കുറവുള്ള വരില്‍ ചെങ്കണ്ണുരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ശുചിത്വത്തില്‍ ശ്രദ്ധിക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ രോഗം പകരുന്നതു തടയാം. രോഗിയെ നോക്കിയതുകൊണ്ട് രോഗം പകരില്ല. രോഗിയുമായുള്ള സമ്പര്‍ക്കം മൂലമാണ് ഈ രോഗം പകരുക. രോഗം കൃഷ്ണമണിയെ ബാധിച്ചാല്‍ കോര്‍ണിയല്‍ അള്‍സറായിത്തീരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചെറിയ തരിപ്പോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. വീട്ടില്‍ ഒരാള്‍ക്കു ചെങ്കണ്ണു ബാധിച്ചാല്‍ ശുചിത്വം കര്‍ശനമാക്കണം. രോഗിയുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം.
രോഗി ഉപയോഗിച്ച ടവ്വല്‍, തോര്‍ത്ത്, സോപ്പ്, കിടക്ക, തലയണ എന്നിവയൊന്നും ഉപയോഗിക്കരുത്. ചെങ്കണ്ണ് രോഗം വന്നാല്‍ സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കണ്ണിലൊഴിക്കുമ്പോള്‍ പോലും ശുചിത്വം പാലിക്കണം. കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകിയതിനുശേഷം മാത്രമേ മരുന്നുകുപ്പിയില്‍ പോലും തൊടാവൂ.