ത്വക്കിനെ ബാധിക്കുന്ന ക്യാന്‍സറാണ് മെലനോമ. മെലാനോസൈറ്റ് എന്നറിയപ്പെടുന്ന കോശങ്ങള്‍ അമിതമായി വളരുന്നതാണ് മെലനോമയ്ക്ക് കാരണം.
തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം .മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി പലതരത്തിലുള്ള സ്‌കിന്‍ ക്യാന്‍സറുകളുണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന പദാര്‍ത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മെലനോമ .
ഇത്തരം കോശങ്ങള്‍ അമിതമായി വളരുന്നത് മൂലമാണ് മെലനോമ ഉണ്ടാവുന്നത്. വര്‍ണ്ണവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കോശങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് ചര്‍മ്മത്തിലാണെങ്കിലും ചര്‍മ്മത്തില്‍ എവിടെ വേണമെങ്കിലും മെലനോമ ബാധിക്കാം.
കണ്ണുകള്‍, മറ്റ് ശരീരഭാഗങ്ങള്‍, അപൂര്‍വ്വമായി കുടല്‍ എന്നിവയെയും ബാധിക്കുന്നതായി കാണുന്നുണ്ട്. മറ്റ് ത്വക്ക് ക്യാന്‍സറുകളുമായി താരതമ്യം ചെയ്താല്‍ മെലനോമ പൊതുവെ സാധാരണമല്ല. എന്നാല്‍ പെട്ടെന്ന് വ്യാപിക്കുമെന്നതിനാല്‍ അപകടകാരിയാണ്.
സൂപ്പര്‍ഫിഷ്യല്‍ സ്പ്രെഡിംഗ് മെലനോമ, നോഡുലാര്‍ മെലനോമ,ലെന്റിഗോ മലൈഗ്‌ന മെലനോമ,അക്രല്‍ ലെന്റിഗിനസ് മെലനോമ എന്നിവയാണ് വിവിധതരം മെലനോമകള്‍.
ചര്‍മ്മത്തില്‍ പുള്ളികള്‍, പാടുകള്‍ പ്രത്യക്ഷപ്പെടുക. നിറം മാറുക,പാടിന്റെ അല്ലെങ്കില്‍ പുള്ളികളുടെ സ്ഥാനം അല്ലെങ്കില്‍ വലുപ്പം വ്യത്യാസപ്പെടുക തുടങ്ങിയവയൊക്കൊ മെലനോമയുടെ ലക്ഷണങ്ങളില്‍ പെടുന്നു.
മെലനോമയുടെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും അള്‍ട്രാവയലറ്റ് രശ്മികളോട് ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കോശത്തിന്റെ ഡിഎന്‍എയെ നശിപ്പിക്കുകയും പ്രതിരോധശേഷി ദുര്‍ബലമാവുകയും ഇത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാവുകയും ചെയ്യാം.
പുകയിലയുടെ അമിത ഉപയോഗവും അമിതമായി റേഡിയേഷന്‍ ഏല്‍ക്കുന്നതും കാരണങ്ങളായി കരുതുന്നു. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗമാണ് മെലനോമ.ശരിയായ ആരോഗ്യ പരിപാലനവും ചികില്‍സയുമാണ് രോഗമുക്തിക്ക് അനിവാര്യം.