കാലം തെറ്റിയെത്തുന്ന വേനലും മഴയുമെല്ലാം നമ്മുടെ ആരോഗ്യത്തെ ഏറെ പ്രതിസന്ധിയിലാക്കാറുണ്ട്. മഴക്കാലത്തെ അസുഖങ്ങളെപ്പോലെ തന്നെ തണുപ്പു കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്.
ശൈത്യകാലത്ത് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തില്‍ തണുപ്പ് തുടങ്ങുമ്പോള്‍ ശരീരത്തിന്റെ ചൂട് സാധാരണയായി കുറയുന്നു. പുതിയ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെടാതെ വരുമ്പോള്‍ പലതരത്തിലുള്ള രോഗങ്ങളും പിടിപെടുന്നു. ജലദോഷം, മൂക്കൊലിപ്പ് പനി അങ്ങനെ നിരവധി രോഗങ്ങള്‍. താപനിലയിലെ പെട്ടെന്നുള്ള ഇടിവ് സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. എന്നാല്‍ ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഇത്തരം രോഗങ്ങളെ നമുക്ക് തടയാന്‍ സാധിക്കും.
ശൈത്യകാലത്ത് സാധാരണയായി കാണപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് ജലദോഷവും പനിയും. ഇത്തരത്തിലുള്ള അവസ്ഥകള്‍ തടയാന്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്നുതകുന്ന വസ്ത്രങ്ങള്‍ ധരിക്കാം. കഴിയുന്നത്ും ഭക്ഷണങ്ങളും മറ്റും ചൂടോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പല ബാക്ടീരിയകളും പകരുന്നത് വായുവിലൂടെയാണ്. അതിനാല്‍ പൊടി, വരള്‍ച്ച, തണുത്ത കാറ്റ് തുടങ്ങിയവയെല്ലാം ചുമ, തൊണ്ട വേദന തുടങ്ങിയ രോഗങ്ങള്‍ വരാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ജലദോഷം, പനി, ചുമ തുടങ്ങിയവയുടെ പരിണിത ഫലമായ വരുന്ന മറ്റൊരു അസുഖമാണ് ചെവി വേദന. മധ്യ ചെവിയില്‍ ദ്രാവകം വര്‍ധിക്കുന്നതിനാലാണ് ചെവിയില്‍ അണുബാധ ഉണ്ടാക്കുന്നത്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി.
തണുപ്പ് കാലത്ത് ആരോഗ്യത്തോടെ തുടരാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലമാണ്. സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന സൂപ്പര്‍ഫുഡുകളും ഭക്ഷണങ്ങളിലുള്‍പ്പെടുത്താം. ഇഞ്ചി, തേന്‍, കറുവപ്പട്ട, സിട്രസ് പഴങ്ങളീയ ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, ഗ്രീന്‍ പീസ് എന്നിവയെല്ലാമാണ് ശീതകാല സൂപ്പര്‍ഫുഡുകള്‍. ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അസുഖങ്ങളില്‍ നിന്നും രക്ഷനേടാം.