ആഗോള തലത്തിൽ ക്ഷയരോഗ നിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന. 2023 ല്‍ മാത്രം 82 ലക്ഷത്തിലധികം പേര്‍ക്ക് ടിബി സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. ഇതില്‍ 26 ശതമാനം ഇന്ത്യയിലാണ്.
1995 ല്‍ ലോകാരോഗ്യ സംഘടന ആഗോള നിരീക്ഷണം ആരംഭിച്ചതിന് ശേഷം ലോകത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ട് 2024-പ്രകാരം 2023ല്‍ 8.2 ദശലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
1.25 ദശലക്ഷം ആളുകള്‍ രോഗം ബാധിച്ച് മരിച്ചെന്നും ഡബ്ല്യുഎച്ച്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ 70 ലക്ഷത്തിലധികം ആളുകളെ ക്ഷയം ബാധിച്ചിരുന്നു. ഇതില്‍ നിന്ന് ഗണ്യമായ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. രോഗം സ്ഥിരീകരിച്ചതില്‍ 26 ശതമാനവും ഇന്ത്യയിലാണ്.
1960 ല്‍ ക്ഷയരോഗ നിയന്ത്രണയജ്ഞം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ ക്ഷയരോഗ മരണങ്ങള്‍ കുറയുന്നുണ്ടെങ്കിലും, പുതിയ രോഗബാധിതരുടെ എണ്ണം അതുപോലെ തന്നെ തുടരുകയാണ്.
മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്.
രോഗബാധിതരായ ആളുകള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ വായുവിലൂടെ ഇത് പടരുന്നു. സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണമായി ക്ഷയരോഗത്തിന്റെ പുനരുജ്ജീവനം മാറുന്നതിനാല്‍, രോഗബാധ തടയുന്നതിനായി അടിയന്തര നടപടി ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.