Share this Article
image
കൂടുതൽ വെയിൽ കൊണ്ടാൽ കാൻസർ വരുമോ?
latest Health News

ആരോഗ്യകരമായ ശരീരത്തിന് വെയില്‍ കൊള്ളുന്നത് അനിവാര്യമാണ്. എന്നാല്‍, വെയില്‍ അമിതമാകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മണിക്കൂറുകളോളം കടുത്ത വെയില്‍ കൊള്ളുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയും സമാനമായ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.നാണ്‍മെലനോമ ചര്‍മാര്‍ബുദ മരണങ്ങളില്‍ മൂന്നിലൊന്നിനും  പിന്നില്‍ വെയിലാണെന്ന് ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം ലേബര്‍ ഓര്‍ഗനൈസേഷനും വ്യക്തമാക്കുന്നു.

എന്‍വയണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച ഗവേഷണം പുറത്തുവന്നിരിക്കുന്നത്. പുറംപണികളില്‍ ദീര്‍ഘസമയം വെയിലുകൊണ്ട് ജോലിയെടുക്കുന്നവരില്‍ നോണ്‍മെലനോമ സ്‌കിന്‍ കാന്‍സര്‍ കൂടുതലാണെന്നും തൊഴിലിടത്തിലെ ഈ സാഹചര്യത്തെ ഗൗരവകരമായി കണ്ട് ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്. അള്‍ട്രാവയലറ്റ് രശ്മി അമിതമായി ഏല്‍ക്കുന്നതാണ് ആഗോളതലത്തില്‍ തന്നെയുള്ള കാന്‍സര്‍ രോഗികളുടെ വര്‍ധനവിനു പിന്നിലെ മൂന്നാമത്തെ കാരണമെന്നും ഗവേഷണത്തിലുണ്ട്.

ഈ സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കി തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള തീരുമാനങ്ങള്‍ അധികൃതര്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. വര്‍ഷങ്ങളോളം കടുത്ത വെയിലേല്‍ക്കുന്നവരില്‍ പില്‍ക്കാലത്ത് ചര്‍മാര്‍ബുദങ്ങള്‍ സ്ഥിരീകരിക്കാറുണ്ട്. അതിനാല്‍ പുറംപണിയെടുക്കുന്നവര്‍ക്ക് വേണ്ട സുരക്ഷിതത്വം പ്രദാനം ചെയ്യാനും മതിയായ അവബോധവും പരിശീലനവും നല്‍കാനും വെയിലില്‍നിന്നു സംരക്ഷണം നേടാന്‍ സണ്‍സ്‌ക്രീനും അതിനുതകുന്ന വസ്ത്രങ്ങളും ധരിക്കുന്നതുമടക്കമുള്ള നിര്‍ദേശങ്ങളും നയങ്ങളും നല്‍കാനും അതാതു സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article