തൊടുന്നിടത്തെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സംസാരമാണ് എല്ലായിടത്തും. എഐ ഉപയോഗിച്ച് എങ്ങനെ അത് ശരിയാക്കാം എന്ന് പറഞ്ഞേ ഇപ്പോൾ എല്ലാം നടത്തുന്നുള്ളു. എഐ സഹായത്തോടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങൾ പുറത്തുവരുന്നുണ്ട്അത്തരത്തിൽ തയ്യാറാക്കിയ എഐ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ക്രിസ്റ്റീന ഏൺസ്റ്റനാണ് ഈ വേഷം നിർമ്മിച്ചത്. ഇത് ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രമാണെന്ന് കരുതപ്പെടുന്നു.
ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മെഡൂസയുടെ പേരാണ് ഈ വസ്ത്രത്തിന് ഇട്ടിരിക്കുന്നത്. മെഡൂസയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തലമുടിക്ക് പകരം പാമ്പുകളാണ് ഈ കഥാപാത്രത്തിനുള്ളത്. ഈ വസ്ത്രം നിർമ്മിക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 'റോബോട്ടിക് മെഡൂസ ഡ്രെസ്സ്' എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പങ്കുവച്ചത്. വസ്ത്രം നിർമ്മിക്കുന്ന ഘട്ടങ്ങൾ ഉൾപ്പടെ ഇതിൽ വിശദീകരിക്കുന്നുണ്ട്.
കറുത്ത നിറത്തിലുള്ള ഗൗണിന്റെ അരയിൽ മൂന്ന് പാമ്പുകളും കഴുത്തിൽ ചുറ്റി ഒരു പാമ്പും ഉണ്ട്. എഐയുടെ സഹായത്തോടെ ഇവ ചലിക്കുന്നതും വീഡിയോയിൽ കാണാം. സ്വർണനിറമാണ് ഈ യന്ത്ര പാമ്പുകൾക്കുള്ളത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് വരുന്നുണ്ട്.ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ക്രിസ്റ്റീന ഈ വസ്ത്രം നിർമ്മിച്ചത്. ഇതിന്റെ ഘട്ടം ഘട്ടമായിട്ടുള്ള വീഡിയോകളും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. പാമ്പുകളുടെ ചലനത്തെക്കുറിച്ചും അവയുടെ നിർമ്മാണത്തെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു വീഡിയോയും യുവതി അടുത്തിടെ പങ്കുവച്ചിരുന്നു. അതും സോഷ്യൽ മീഡിയയിൽ വെെറലാണ്.
വൈറലായ എഐ വസ്ത്രം ഇവിടെ ക്ലിക്ക് ചെയ്തു കാണാം