ജപ്പാനില്‍ പുതിയ ബാക്ടീരിയ പടരുന്നു. മാംസം ഭക്ഷിക്കുന്ന എസ്ടിഎസ്എസ് ബാക്ടീരിയ അപകടകാരിയെന്ന് പഠനം. മരണം വരെ സംഭവിക്കാവുന്ന രോഗം ഭീതി പരത്തുന്നു.
ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടാണ് ജപ്പാനില്‍ നിന്നും പുറത്തെത്തുന്നത്. മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന എസ്ടിഎസ്എസ് ബാക്ടീരിയ നിസാരക്കാരനല്ല. 48 മണിക്കൂറിനുള്ളില്‍ രോഗം മൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കുമെന്നും പഠനം പറയുന്നു.
സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രം എന്നാണ് ഈ അണുബാധയുടെ പേര്. കൃത്യമായ ചികിത്സ ആവശ്യമാണ്. ജപ്പാനില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രോഗം ഭീതി പരത്തുന്നുണ്ട്. ജൂണ്‍ മാസം തുടക്കത്തില്‍ തന്നെ 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 30 ശതമാനമാണ് ഈ അണുബാധയുടെ മരണനിരക്ക്.
ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ 77 പേരാണ് എസ്ടിഎസ്എസിനെ തുടര്‍ന്ന് ജപ്പാനില്‍ മരിച്ചത്. പനിയും തൊണ്ടവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സന്ധിവേദന, സന്ധി വീക്കം, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു.
50 തിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്‌നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുന്നു. 2022ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ല്‍ ജപ്പാനില്‍ 941 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.