സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനങ്ങള്‍. വളരെ വിരളമായി ബാധിക്കുന്ന രോഗമാണെങ്കിലും ജാഗ്രത വേണം. എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന് നോക്കാം.
വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നത് ആശ്വാസമാണ്.
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിച്ച് മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല എന്നതും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവും.
മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുക എന്നിവയിലൂടെ രോഗം വരാം. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമായതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം.
മഴ തുടങ്ങുമ്പോള്‍ ഉറവയെടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.