സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മഞ്ഞപ്പിത്തമടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യമാണ്. ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ട രോഗമാണ് മലേറിയ. അറിയാം രോഗവും പ്രതിരോധ മാര്‍ഗങ്ങളും.
കൊതുകിലൂടെ മനുഷ്യശരീരത്തിലേക്കെത്തുന്ന പരാദം വഴിയാണ് മനുഷ്യരില്‍ മലേറിയ ഉണ്ടാകുന്നത്. രോഗബാധിതനായ ഒരു വ്യക്തിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിലും പരാദം പ്രവേശിക്കുന്നു. പിന്നീട് ഇതേ കൊതുക് ആരോഗ്യവാനായ ഒരു വ്യക്തിയെ കടിക്കുമ്പോള്‍ ഈ പരാദം അയാളിലേക്കും പകരുന്നു.
ഈ പരാദങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, കരളിലേക്ക് എത്തുകയും ഏകദേശം ഒരു വര്‍ഷം വരെ പ്രവര്‍ത്തനരഹിതമായി അവിടെ തുടരുകയും ചെയ്യാം. ഇവ വലുതായിക്കഴിയുമ്പോള്‍ ശരീരത്തിലെ റെഡ് ബ്ലഡ് സെല്ലുകളെ ബാധിക്കുകയും പതിയെ മലേറിയയുടെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ തുടങ്ങുകയും ചെയ്യും.
കടുത്ത പനി, വിറയല്‍ ക്ഷീണം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങള്‍. ഇതുകൂടാതെ, ചിലര്‍ക്ക് തലവേദന, ഛര്‍ദി, പേശിവേദന, നെഞ്ചുവേദന, തളര്‍ച്ച, ചുമ, തുടര്‍ച്ചയായി വിയര്‍ക്കല്‍ എന്നിവയും അനുഭവപ്പെടാറുണ്ട്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചുറ്റുപാടുകള്‍, കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളം, ശുചിത്വമില്ല്ായ്മ എന്നിവയെല്ലാം മലേറിയ രോഗത്തിന് വഴിയൊരുക്കും. അമ്മയില്‍നിന്നും രക്തത്തിലൂടെ ഗര്‍ഭസ്ഥശിശുവിലേക്കും മലേറിയ പകരാം.
കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭസ്ഥസിശുക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. കൊതുകുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.