ബാഡ്മിന്റൺ കളിക്കാരിയായ പന്ത്രണ്ടുകാരിക്ക് തൃശ്ശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ പുതു ജന്മം. പാലക്കാട് ജില്ലയിൽ കോങ്ങാട് സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള ബാലികയാണ്, തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ശിശു ശസ്ത്രക്രിയ വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ വഴി ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ജന്മനാ കേൾവിക്കുറവുള്ള മിടുക്കി, രണ്ടാഴ്ച മുൻപ് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തു സമ്മാനം നേടിയിരുന്നു. ടൂർണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വീർപ്പുമുട്ടലും അനുഭവപ്പെട്ടു.
തൃശൂർ മെഡിക്കൽ കോളേജിലെ ശിശുശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്കു ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയിൽ ഉള്ള ഭിത്തിയാണ് ഡയഫ്രം) നടുവിലായി കുറച്ചു ഭാഗത്തു കനം കുറഞ്ഞു നെഞ്ചിനുള്ളിലേക്ക് തള്ളിനിൽക്കുന്ന ഒരു അപാകത കൂട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു.
ഡയഫ്രമാറ്റിക് ക്രൂറൽ ഇവന്ട്രേഷൻ എന്ന വളരെ അപൂർവ്വമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ രോഗാവസ്ഥക്ക് കാരണം.
ബാഡ്മിന്റൺ കളിയുടെ സമയത്തു വയറിനകത്തെ മർദ്ദം കൂടുകയും, തൽഫലമായി, ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തുകൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, അവിടെ വച്ചു, ആമാശയം മടങ്ങി, തടസപ്പെട്ടു വീർത്തു ഗ്യാസ്‌ട്രിക് വോൾവുലസ് അവസ്ഥ ഉണ്ടാവുകയും ആമാശയം പൊട്ടിത്തകരുകയും കഴിച്ചഭക്ഷണമെല്ലാം വയറിനകത്തു ചിതറി കിടക്കുകയുമായിരുന്നു. ശസ്ത്രക്രിയ സമയത്തു ഭക്ഷണശകലങ്ങൾ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു, പിന്നീട് ഇതു പോലെ വോൾവുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു.
ഓപ്പറേഷനുശേഷം കുട്ടി രണ്ടു ദിവസം അനേസ്തെഷ്യ ഐ സി യുവിലായിരുന്നു. അതിനുശേഷം ശിശുശസ്ത്രക്രിയ വാർഡിലേക്ക് മാറ്റി, ചികിത്സ തുടർന്നു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം ആയിരുന്നു ഈ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചത്.
ശിശുശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ നിർമ്മൽ ഭാസ്കറിന്റെ നേതൃത്വത്തിൽ, അസിസ്റ്റന്റ് പ്രൊഫസർ ഡോ ശശികുമാർ, ജൂനിയർ റെസിഡന്റ് ഡോ ഫിലിപ്സ് ജോൺ എന്നിവർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പിഡിയാട്രിക് സർജറി ഹൗസ് സർജൻ ഡോ അതുൽ കൃഷ്ണ ചികിത്സയിൽ സഹായിച്ചു.
അതോടൊപ്പം, അനേസ്തെഷ്യ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ സുധീർ എൻ, ഡോ ഇഷിത, ഡോ അഞ്ജന, ഡോ അർപ്പിത, ഡോ സംഗീത, ഡോ. അമൃത
അനേസ്തെഷ്യ ഐ സി യു,വിന്റെ ചുമതലയുള്ള പ്രൊഫസർ ഡോ ഷാജി കെ ആർ.
ശിശുരോഗവിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ അജിത്കുമാർ, സീനിയർ റെസിഡന്റ് ഡോ നൂന കെ കെ, ജൂനിയർ റെസിഡന്റ് ഡോ സതിഷ്, പിഡിയാട്രിക് മെഡിസിൻ ഹൗസ് സർജൻ ഡോ ജിതിൻ
എമർജൻസി ഓപ്പറേഷൻ തിയേറ്റർ സീനിയർ നഴ്സിംഗ് ഓഫീസർ മിനി പി ശ്രീധരന്റെ നേതൃത്വത്തിൽ നഴ്സിംഗ് ഓഫീസർമാരായ രമ്യ പി പി, റിൻകുമാരി സി ഐ,
ശിശുശസ്ത്രക്രിയ വിഭാഗം വാർഡ് സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീദേവി ശിവന്റെ നേതൃത്വത്തിൽ നഴ്സിംഗ് ഓഫീസർമാരായ സീന ജോസഫ്, അക്ഷയ നാരായണൻ, ലേഖ ടി സി , ജോളി ദേവസി, ലിജി ഡേവിസ്, സൗമ്യ എ, നീതു രാജൻ, അഞ്ജന ബി, എന്നിവർ ചികിൽസയുടെ ഭാഗമായിരുന്നു.
കൃത്യമായ രോഗ നിർണ്ണയവും ചികിത്സയും നൽകിയ മെഡിക്കൽ സംഘത്തെ, തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ സനൽ കുമാർ, സൂപ്രണ്ട് ഇൻ ചാർജ് ഡോ രാധിക ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് എന്നിവർ അഭിനന്ദിച്ചു.