ലോകം മുഴുവന്‍ ലോക്ക്ഡൗണിലായപ്പോഴും കോവിഡ് ബാധിക്കാതിരുന്ന ചിലരെങ്കിലും നമ്മുടെ പരിചയത്തിലുണ്ടാവും. അങ്ങനെ ചിലര്‍ മാത്രം എന്തു കൊണ്ട് കോവിഡിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിനുത്തരം നല്‍കുകയാണ് പുതുതായി പുറത്തു വരുന്ന പഠനങ്ങള്‍ .
ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നടന്ന COVID-19 ഹ്യൂമന്‍ ചലഞ്ച് എന്ന പഠനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ വിശകലനമാണ് ചിലരില്‍ മാത്രം കോവിഡ് പ്രതിരോധം സാധ്യമാവുന്നതെങ്ങിനെയാണെന്ന് വിശദീകരിക്കുന്നത്. ഇംപീരിയല്‍ കോളേജിലെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ നിന്നുള്ള പ്രൊഫസര്‍ ക്രിസ്റ്റഫര്‍ ചിയുവിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
പരീക്ഷണത്തിന് തയ്യാറായ സന്നദ്ധ പ്രവര്‍ത്തകരെ സാര്‍സ് കോവിഡ് 2ന്റെ പ്രീ-ആല്‍ഫ സ്ട്രെയിന്‍ ഉപയോഗിച്ച് കുത്തിവയ്ക്കുകയും വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മുമ്പും ശേഷവുമുള്ള സാമ്പിളുകള്‍ വിശകലനം ചെയ്യുകയും ചെയ്തു.
ഇതില്‍ രോഗബാധിതരെ അപേക്ഷിച്ച് അണുബാധയെ ചെറുക്കുന്ന ആളുകള്‍ക്ക് അവരുടെ മൂക്കിലെ ടിഷ്യൂകളില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷി ഉണ്ടെന്ന് കണ്ടെത്തി. ഈ പ്രതികരണത്തില്‍ മ്യൂക്കോസല്‍-അസോസിയേറ്റഡ് ഇന്‍വേരിയന്റ് ടി (എംഎഐടി) കോശങ്ങളുടെ പ്രവര്‍ത്തനെ കൂടിയതായും കണ്ടെത്തി.
അണുബാധയെ ചെറുക്കുന്ന ആളുകള്‍ക്ക് മൂക്കിലെ കോശങ്ങളില്‍ HLA-DQA2 എന്ന ജീനിന്റെ ഉയര്‍ന്ന പ്രകടനമുണ്ടായതായും പഠനം കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ സാര്‍സ് കോവിഡ് പോലുള്ള രോഗങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.
വാക്‌സിനുകളും പ്രതിരോധ മരുന്നുകളും ഉത്പാദിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഈ കണ്ടെത്തല്‍ വലിയ സ്വാധീനം ചെലുത്തും. സയന്‍സ് ജേണലായ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്.