Share this Article
image
ഏകാന്തത.....സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമാണ് ഏകാന്തതയെന്ന് പഠനങ്ങള്‍
Loneliness.....Studies show that loneliness is more deadly than smoking

ഏകാന്തത ആഗോള ഭീഷണിയാകുന്ന പൊതുജനാരോഗ്യ പ്രശ്നമെന്ന് പ്രഖ്യാപിച്ച് ഡബ്ല്യൂഎച്ച്ഒ. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഏകാന്തതയെന്നും ഗുരുതരമായ ആരോഗ്യ ഭീഷണിയാണിതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒറ്റയടിക്ക് 15 സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമാണ് ഏകാന്തതയെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.  

ഇത്രയേറേ ഗൗരവമേറിയ വിഷയത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്ട്ര കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. യുഎസ് സര്‍ജന്‍ ജെനറല്‍ ഡോക്ടര്‍ വിവേക് മൂര്‍ത്തിയാണ് കമ്മീഷനെ നയിക്കുക. ആഫ്രിക്കന്‍ യൂണിയന്‍ യൂത്ത് എന്‍വോയ് അടക്കമുള്ളവര്‍ കമ്മീഷനില്‍ അംഗങ്ങളാണ്. മൂന്ന് വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. കൊവിഡിന്  ശേഷം  മനുഷ്യരുടെ സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റം ഏകാന്തത വര്‍ദ്ധിക്കാന്‍ കാരണമായെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. 

പൊണ്ണത്തടിയും വ്യായാമമില്ലായ്മയും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കാള്‍ ഗുരുതരമാണ് ഏകാന്തത അനുഭവിക്കുന്നവര്‍ നേരിടുന്നത്. ഇത്തരം ആളുകള്‍ സമൂഹത്തില്‍ നിന്നും അകന്നുനില്‍ക്കുന്നതായും ഒടുവില്‍ ഉത്പാദനക്ഷമതയും പ്രവര്‍ത്തനക്ഷമയും കുറയുന്നതിന് ഇത് കാരണമാവുകയും ചെയ്യുന്നു. ലോകത്ത് നാലില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന നടതത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 


പ്രായമായവരില്‍ ഏകാന്തത ഡിമെന്‍ഷ്യക്ക് കാരണമാകുന്നു. 50 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. കൗമാരക്കാരിലാകട്ടെ 5 മുതല്‍ 15 ശതമാനം വരെ കുട്ടികള്‍ ഏകാന്തത അനുഭവിക്കുന്നു. ആഫ്രിക്കയില്‍ 12.7 ശതമാനം കൗമാരക്കാരും യൂറോപ്പില്‍ 5.3 ശതമാനം കൗമാരക്കാരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകാന്തതയെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ അതീവ ഗുരതരമായതിനാല്‍ ഇവയ്ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഥമ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories