നല്ല അസൽ മലയാളിസ്റ്റൈൽ മുണ്ടിനൊപ്പം വള്ളിച്ചെരുപ്പ് മാറി ഷൂസ് എത്തിയിട്ട് കാലങ്ങളായി. കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിവുള്ള മലയാളികൾ തങ്ങളുടെ പരമ്പരാഗത വസ്ത്രധാരണങ്ങൾക്കൊപ്പം മോഡേൺ ആക്സസറീസുകളും പരീക്ഷിക്കാറുണ്ട്. അതിൽ പ്രധാനമാണ് ഷൂസ്. എന്നാൽ നമ്മൾ ധരിക്കുന്ന വസ്ത്രത്തിന് ചേരുന്ന ഷൂസ് ധരിച്ചില്ലെങ്കിൽ പൊതുസ്ഥലത്ത് കോമാളിയായി മാറും.
ഷൂസ് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവയാണ് ഇനി പറയാൻ പോകുന്നത്.
1. ഷൂസിൻ്റെ വലിപ്പം
ഹോസ്റ്റലിലൊക്കെ താമസിക്കുന്നവർ അവസരം കിട്ടുമ്പോൾ സുഹൃത്തുക്കളുടെ ഷൂസൊക്കെ ധരിച്ച് പാർട്ടികളിലും മാറ്റും പോകാറുണ്ട്. ശരിക്കും നിങ്ങളുടെ കാലിൻ്റെ വലുപ്പത്തിന് അനുയോജ്യമല്ലാത്തതാണ് നിങ്ങൾ ധരിച്ച ഷൂസെങ്കിൽ വലിയ രീതിയിലുള്ള അസ്വസ്തതകള്‍ അനുഭവപ്പെടുകയും നിങ്ങളുടെ പാർട്ടി മൂഡിനെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അവനവന് പാകമാകുന്ന ഷൂസ് സ്വന്തമായി വാങ്ങി ധരിക്കുന്നതായിരിക്കും ഉചിതം.
2. മെറ്റീരിയലിന്റെ ഗുണനിലവാരം
ലെതർ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ മെറ്റീരിയലുകൾ ആണ് ഷൂസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഓരോ മെറ്റീരിയലുകൾക്കും അതിനനനുസരിച്ചുള്ള വ്യത്യസ്തതയും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ വാങ്ങുന്ന ഷൂസ് ഏത് മെറ്റീരിയലുകൾക്കൊണ്ട് നിർമ്മിച്ചതാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഉദാഹരണത്തിന് റബ്ബർ ഷൂസ് ദീർഘനേരം ധരിക്കാൻ കഴിയില്ല, പ്രത്യേകിച്ച് വേനൽക്കാലത്ത് റബ്ബർ ഷൂസ് ധരിക്കുന്നത് കാലുകൾക്ക് അസ്വസ്തതയുണ്ടാക്കും. അതുപോലെ തന്നെ ലെതർ ഷൂസ് മഴക്കാലത്ത് ധരിക്കാൻ അനുയോജ്യമല്ല. അതിനാൽ, സീസണും അവസരവും നോക്കി അനുയോജ്യമായ മെറ്റീരിയലുകൾ തെരഞ്ഞെടുക്കുക.
3. ഡ്രെസിന് ചേരുന്ന ഷൂസ് ധരിക്കുക
നിങ്ങൾ അടിപൊളിയായി ഡ്രെസ് ധരിച്ചെന്നിരിക്കട്ടെ, എന്നാൽ അതിനൊട്ടും മാച്ചാകുന്നതല്ല ഷൂസെങ്കിൽ നേരത്തെ പറഞ്ഞത് പോലെ വൻ കോമഡിയാകും. അതുകൊണ്ട് തന്നെ നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ പാർട്ടികളിലും മറ്റും പങ്കെടുക്കാൻ പോകുമ്പോൾ ഫോർമൽ ഷൂസ് ധരിക്കുന്നത് ഒഴിവാകുന്നതായിരിക്കും നല്ലത്.
4. നിറം
പലതരത്തിലുള്ള നിറങ്ങളിൽ ഇപ്പോൾ ഷൂസുകൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും വിചിത്രമായ നിറങ്ങളുള്ള ഷൂസ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. നീല, കറുപ്പ്, ചാരനിറം, തവിട്ട് തുടങ്ങിയ ഇരുണ്ട നിറങ്ങളുള്ള ഷൂസ് വാങ്ങുന്നതായിരിക്കും ഏറ്റവും അനുയോജ്യം. മാത്രമല്ല നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിനനുസരിച്ചുള്ള ഷൂസ് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.