Share this Article
image
മുറിൻ ടൈഫസ്; ചെള്ള് പനിക്ക് സമാനമായ അപൂർവ രോ​ഗം; എന്തെല്ലാം അറിയണം?
വെബ് ടീം
posted on 11-10-2024
1 min read
murine-typhus

കേരളത്തിൽ ഇപ്പോൾ ഭീതി പരത്തുന്നത് മുറിൻ ടൈഫസാണ്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗം സംസ്ഥാനത്ത് സ്ഥിരീകരിച്ചതും, ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പും ജനങ്ങളിൽ ആശങ്കയുണ്ടാകുന്നുണ്ട്.പേടിയല്ല വേണ്ടത്,മുറിൻ ടൈഫസിനെ കുറിച്ച് നമ്മളും അറിഞ്ഞിരിക്കണം

എന്താണ് മുരിൻ ടൈഫസ്? 

റിക്കെറ്റ്സിയ ടൈഫി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ചെള്ളുപനി പോലെയുള്ള രോഗമാണ് മുറിൻ ടൈഫസ്.എലികളിൽ നിന്ന് ചെള്ളുകളിലേക്കും,രോഗബാധിതരായ ചെള്ളുകളുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്കും മുറിൻ ടൈഫസ് പടരുന്നു.

അമേരിക്കയിലെ തെക്കൻ കാലിഫോർണിയ, ഹവായ്, തെക്കൻ ടെക്സസ് എന്നിവിടങ്ങളിലാണ് മിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേരളത്തിൽ വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതും, ഒരു ചെള്ളിനെ ഒരിക്കൽ ബാധിച്ചാൽ, ജീവിതകാലം മുഴുവൻ അത് രോഗം പരത്തും എന്നുള്ളതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്.മുറിൻ ടൈഫസിനെ ചെള്ള് പരത്തുന്ന ടൈഫസ് അല്ലെങ്കിൽ എൻഡെമിക് ടൈഫസ് എന്നും വിളിക്കാം.

എങ്ങനെ പകരുന്നു?

ഒരു പ്രത്യേക തരം ചെള്ളാണ് ഈ രോ​ഗം പടർത്തുന്നത്. ഇത് സാധാരണ എലികൾ പോലെയുള്ള ജീവികളിൽ നിന്ന് ചെള്ളുകളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും എത്തുന്നു.തൊലിയിലെ മുറിവിൽ ഇത്തരം  രോ​ഗാണുവാഹകരായ ജിവികളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോ​ഗം പടരുന്നത്.

എന്തൊക്കെ ലക്ഷണങ്ങൾ :

രോഗം ബാധിച്ച ചെള്ളുകളുമായി സമ്പർക്കം പുലർത്തിയ ശേഷം 3-14 ദിവസത്തിനുള്ളിലാണ്  മുറിൻ ടൈഫസിൻ്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നത്.

3 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, ശരീരവേദന, സന്ധിവേദന, ഓക്കാനം, ഛർദ്ദിഅല്ലെങ്കിൽ വയറുവേദന എന്നിവയൊക്കെയാണ് പെട്ടന്ന് പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ.ചില ആളുകളിൽ പ്രാരംഭ ലക്ഷണങ്ങൾ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ചുണങ്ങും കാണപ്പെടാറുണ്ട്. രോഗിക്ക് ചുണങ്ങു വരുന്നത്, പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ്. ഇത് സാധാരണയായി 1 – 4 ദിവസം നീണ്ടുനിൽക്കും. രക്ത പരിശോധനയിലൂടെയാണ്  മുറിൻ ടൈഫസ് സ്ഥിരീകരിക്കുന്നത്.

രോഗി അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം: 

ഒരു ചെള്ള് കടിച്ചാൽ ആളുകൾ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല അതിനാൽ രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും നല്ലത്.

തുടക്കത്തിൽ തന്നെയുള്ള ആന്റിബയോട്ടിക് ചികിത്സ കൂടുതൽ ഫലപ്രദമാണ്.അസുഖം അപൂർവ്വമായേ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കൂ എങ്കിലും ചികിത്സിച്ചില്ലെങ്കിൽ അത് സങ്കീർണമാകാനും സാധ്യതയുണ്ട്.ഇത് മാസങ്ങളോളം നീണ്ടുനിന്നേക്കാം. രോഗ ലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് 7 മുതൽ 14 ദിവസം വരെ പ്രത്യക്ഷപ്പെടും.

എങ്ങനെ പ്രതിരോധിക്കാം :

നിങ്ങളുടെ വീട്, ജോലിസ്ഥലം, വിനോദ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് എലികളെയും വന്യമൃഗങ്ങളെയും അകറ്റി നിർത്തുക, വീടിന് പുറത്ത് വേസ്റ്റ് കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക,  അസുഖം പരത്തുന്ന എലികൾ പോലുള്ള ജീവികൾ കയറാതിരിക്കാൻ വീടിന് ദ്വാരങ്ങൾ ഉണ്ടെങ്കിൽ അടക്കുക, ചെള്ളുകളെ കണ്ടാൽ കീടനാശിനികൾ ഉപയോഗിക്കുക. തുടങ്ങി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് രോഗത്തെ തടയാനാവും.

തയാറാക്കിയത്: വിജിത കെ പി 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article