മെയ് പകുതിയോടെ മഴക്കാലം തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയെത്തിയാല്‍ പിന്നാലെ കൊതുകുമെത്തും. കൊതുകുജന്യ രോഗങ്ങളും.കൃത്യമായ ചികിത്സകിട്ടിയില്ലെങ്കില്‍ മരണത്തിനും വരെ കാരണമകുന്ന രോഗമാണ് കൊതുകുപരത്തുന്ന മലേറിയ. ഇന്ന് ലോക മലേറിയ ദിനം.
വേനല്‍മഴയെത്തിയതോടെ മലക്കാല രോഗങ്ങള്‍ വ്യാപിച്ചു തുടങ്ങി. എന്നാല്‍ കോതുകുജന്യ രോഗങ്ങളും വര്‍ദ്ധിക്കുന്നു. ചിക്കുന്‍ഗുനിയ, ഡെന്‍ഗിപ്പനി എന്നീ രോഗങ്ങള്‍പോലെ കൊതുകുകള്‍ പരത്തുന്ന രോഗമാണ് മലേറിയയും.
എല്ലാ വര്‍ഷവും ഏപ്രില്‍ 25 ലോക മലേറിയ ദിനം ആചരിക്കുന്നു. 2007 മെയ് മാസത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി ലോക മലേറിയ ദിനത്തിന് തുടക്കം കുറിച്ചത്. ചികിത്സിച്ചില്ലെങ്കില്‍, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയാകുന്നു.
എന്നാല്‍ മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുക് കടിയേല്‍ക്കാതിരിക്കുക എന്നതാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് മലേറിയ ബാധിക്കാം. എന്നാല്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, ദുര്‍ബലരായ പ്രതിരോധശേഷിയുള്ള ആളുകള്‍ എന്നിവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
മലേറിയ കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രതിരോധ ചികിത്സ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. എച്ച്ഐവി അല്ലെങ്കില്‍ എയ്ഡ്സ് പോലുള്ള രോഗമുളളവരിലും മലേറിയ വരാനുള്ള സാധ്യത കൂടുതലാണ്. ഈ വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്.
പനി, തലവേദന, വിറയല്‍ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങള്‍. സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങള്‍ക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം.
കൂടാതെ ചര്‍ദ്ദി, മനംപുരട്ടല്‍, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകും. ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളില്‍ മരണത്തിനും കാരണമാകും.