രണ്ടാം വട്ടവും അർബുദമെത്തിയപ്പോൾ പോരാട്ടത്തിനൊടുവിൽ ഫാഷൻ ഇൻഫ്ലുവൻസറായ സുർഭി ജെയിൻ അന്തരിച്ചു. മുപ്പതുകാരിയായ സുർഭിയുടെ കുടുംബമാണ് സാമൂഹികമാധ്യമത്തിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ഏറെനാളുകളായി ഒവേറിയൻ കാൻസറിന് ചികിത്സയിലായിരുന്നു സുർഭി.
എട്ടാഴ്ച മുമ്പ് ചികിത്സാവേളയിൽ നിന്നുള്ള ചിത്രം സുർഭി പങ്കുവെച്ചിരുന്നു. രണ്ടാംവട്ടമാണ് സുർഭിയെ കാൻസർ ബാധിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ആദ്യതവണയുണ്ടായത്. അന്ന് സർജറിക്കുശേഷം രോഗവിവരം സുർഭി പങ്കുവെച്ചിരുന്നു. 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുർഭി പറഞ്ഞത്. പക്ഷേ രണ്ടാംവട്ടം കാൻസർ ബാധിച്ചപ്പോൾ സുർഭിക്ക് അതിജീവിക്കാനായില്ല.
ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാഘടകങ്ങൾ
പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.