ലോകത്തിന്റെ പലഭാഗങ്ങളിലും കാന്‍സര്‍ കേസുകള്‍ കൂടുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി മുതല്‍ ഭക്ഷണരീതി വരെ അതിനു പിന്നിലെ കാരണമാണ്. യുവാക്കളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം എന്നു നോക്കാം.
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നീ ഘടകങ്ങള്‍ പലവിധം കാന്‍സര്‍ കേസുകളും വര്‍ധിപ്പിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഈ ഘടകങ്ങള്‍ പിത്താശയം, വൃക്ക, കുടല്‍, പാന്‍ക്രിയാസ് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങളുടെ സാധ്യത കൂട്ടുന്നു.
കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ അര്‍ബുദനിരക്കുകളുടെ എണ്ണം കൂടുകയാണെന്നും നാല്‍പതും അമ്പതും ആകുന്നതിനുമുമ്പേ പലരും അര്‍ബുദ ബാധിതരാകുന്നുവെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അര്‍ബുദ സാധ്യതയും മരണനിരക്കും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതല്‍ കാണപെടുന്നത്.
പ്രോസ്റ്റേറ്റ്, കുടല്‍, മലാശയം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍ സ്തനം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിലാണ് കൂടുതല്‍. സെര്‍വിക്കല്‍ കാന്‍സര്‍, മലാശയ അര്‍ബുദം എന്നിവ നേരത്തേ കണ്ടെത്തിയാല്‍ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ മസ്തിഷ്‌കാര്‍ബുദം പോലുള്ളവയാണെങ്കില്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയാണ് കൂടുതല്‍. കാന്‍സര്‍ സ്‌ക്രീനിങ് പദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിലൂടെ പലതരം കാന്‍സറുകളും മരണനിരക്കുകളും കുറയ്ക്കാകും.
2040 ആകുമ്പോഴേക്ക് സ്തനാര്‍ബുദം ബാധിച്ചുള്ള മരണനിരക്കുകള്‍ പ്രതിവര്‍ഷം പത്തുലക്ഷം എന്ന നിലയിലേക്കെത്തുമെന്നും പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികള്‍ ഇരട്ടിയാകുമെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. കാന്‍സര്‍ രോഗികളുടെ നിരക്കില്‍ വരുംവര്‍ഷങ്ങളിലും വന്‍വര്‍ധനവ് രേഖപ്പെടുത്തുമെന്ന് ലോകാരോഗ്യസംഘടന നടത്തിയ ഗവേഷണത്തിലും കണ്ടെത്തി.
2050 ആകുമ്പോഴേക്ക് 77% കാന്‍സര്‍ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ജീവിതരീതികളും പാരിസ്ഥിതികഘടകങ്ങളും കാന്‍സര്‍നിരക്കുകളുടെ വര്‍ധനവില്‍ പങ്കുവഹിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.