പ്രായം വെറുമൊരു സംഖ്യാ മാത്രമാണെന്നാണ് 80കാരി ചോയ് സൂനിന്റെ പക്ഷം. സൗന്ദര്യം നിശ്ചയദാര്‍ഢ്യം എന്നീ ഘടകങ്ങള്‍ക്ക് പ്രായം ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണ് ചോയ് സൂനിന്റെ ലക്ഷ്യം. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള യുവതികളോട് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് കൊണ്ടാണ് മോഡല്‍ കൂടിയായ ചോയ് സൂന്‍ ഹ്വാ ശ്രദ്ധ നേടിയിരിക്കുന്നത്. മിസ് യൂണിവേഴ്‌സ് കൊറിയ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ വനിതയായി ചോയ് സൂന്‍ ഹ്വാ.
ലോകത്തെ സ്തബ്ദമാക്കുകയാണ് തന്റെ ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.എൺപതുകാരിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരോഗ്യവതിയായിരിക്കാന്‍ സാധിക്കുന്നത്, എങ്ങനെയാണ് അവര്‍ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്, എന്താണതിന്റെ രഹസ്യം തുടങ്ങിയ ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ഉന്നയിക്കണമെന്നാണ് ഈ സുന്ദരി മുത്തശ്ശിയുടെ ആഗ്രഹം.
മത്സരത്തില്‍ വിജയിയാകാനായില്ലെങ്കിലും വെള്ളിനിറമാര്‍ന്ന തലമുടിയും തകര്‍ക്കാനാകാത്ത ആത്മവിശ്വാസവും ഇതിനോടകം തന്നെ ചോയ് സൂന്‍ നിരവധി ആരാധകരെ നേടിക്കഴിഞ്ഞിരിക്കുകയാണ്. പുറമേയുള്ള സൗന്ദര്യം പ്രധാനമാണ്, അതിനെക്കാളേറെ മനസ്സിനുള്ള സൗന്ദര്യവും പ്രധാന്യമര്‍ഹിക്കുന്നു. മാത്രമല്ല മറ്റുള്ളവരെ ഏതുവിധത്തില്‍ ബഹുമാനിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്, ചോയ് സൂന്‍ പറയുന്നു.
തന്റെ എണ്‍പതാമത്തെ വയസ്സില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരി മാറിയിരിക്കുകയാണ് ഇവര്‍. 73 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്കൊല്ലമാണ് വിശ്വസുന്ദരി മത്സരത്തില്‍ പ്രായപരിധി ഒഴിവാക്കിയത്. ഗര്‍ഭിണികള്‍, വിവാഹിതര്‍, വിവാഹമോചിതര്‍ തുടങ്ങിയവര്‍ക്കുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ കൊല്ലം ഒഴിവാക്കിയിരുന്നു.