സ്യൂഡോ ബള്‍ബര്‍ അഫെക്ട് എന്ന രോഗാവസ്ഥയെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നടി അനുഷ്‌ക ഷെട്ടിയെ ബാധിച്ച ഈ അപൂര്‍വ്വ രോഗം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക.
അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്നെയാണ് തനിക്ക് സ്യൂഡോ ബള്‍ബര്‍ അഫെക്ട് എന്ന രോഗമാണെന്ന് വ്യക്തമാക്കിയത്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന അപൂര്‍വ്വ രോഗമാണിത്.
ഇത് മനുഷ്യ ശരീരത്തിലെ മസ്തിഷ്‌കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥയാണ്. തലച്ചോറിനേറ്റ ക്ഷതം, പക്ഷാഘാതം, മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളും സൂഡ്യോബള്‍ബര്‍ അഫ്ക്ടിന് കാരണമായേക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിരി, കരച്ചില്‍ തുടങ്ങിയ വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറല്‍ പാതകളിലെ തടസങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.
രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇതിന്റെ ലക്ഷണങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ തന്നെ കണ്ടു വരാം. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തന്നെ ചിരിക്കാനോ കരയാനോ തുടങ്ങുമെന്നതാണ് ഈ രോഗത്തിന്റെ പ്രധാന അവസ്ഥ.
അപ്രതീക്ഷിത സമയത്ത് ഈ രോഗം പ്രത്യക്ഷപ്പെടുമെന്നത് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. കൂടാതെ ഇത് ഉത്കണ്ഠ വിഷാദം തുടങ്ങിയവയിലേക്കും നയിക്കാന്‍ കാരണമായേക്കും.