മൈഗ്രെയ്ന്‍, അല്‍ഷിമേഴ്സ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ലാന്‍സെറ്റ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് പഠനം വ്യക്തമാക്കിയിരിക്കുന്നത്.
സ്‌ട്രോക്ക്, മൈഗ്രെയ്ന്‍, അല്‍ഷിമേഴ്‌സ്, അപസ്മാരം, തുടങ്ങി നാഡീസംബന്ധമായ 19 രോഗങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ഉയര്‍ന്ന താപനിലയിലോ ഉഷ്ണതരംഗങ്ങളിലോ ഉള്ള കാലാവസ്ഥയിലാണ് മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ അല്ലെങ്കില്‍ മരണങ്ങള്‍ കൂടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം വിവിധ ന്യൂറോളജിക്കല്‍ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ രോഗികളുടെ നിരക്ക് 18 ശതമാനം വര്‍ധിച്ചു. 2021ല്‍ മൂന്ന് കോടിയിലധികം ആളുകള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍ ഉള്ളതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ട്രോക്ക്, മസ്തിഷ്‌ക ക്ഷതം, മൈഗ്രെയ്ന്‍, ഡിമെന്‍ഷ്യ, ഡയബറ്റിക് ന്യൂറോപ്പതി , മെനിഞ്ചൈറ്റിസ്, അപസ്മാരം, മാസം തികയാതെയുള്ള ജനനം മൂലമുള്ള ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, നാഡീവ്യൂഹ സംവിധാനത്തിലെ അര്‍ബുദം എന്നിവയാണ് ആശങ്കപ്പെടുത്തുന്ന പ്രധാന രോഗങ്ങള്‍.