മധുരപലഹാരങ്ങളിലുള്ള കൃത്രിമ മധുരമായ സൈലിറ്റോള്‍ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് പഠനം. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ അമിത ഉപയോഗം കാരണമാകുന്നതായാണ് കണ്ടെത്തല്‍.
അമിതവണ്ണം, പ്രമേഹം എന്നിവ വര്‍ധിച്ചപ്പോഴാണ് പഞ്ചസാരയ്ക്ക് പകരമായി സൈലിറ്റോള്‍ പോലുള്ള കൃത്രിമ മധുരപദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. സൈലിറ്റോള്‍ എന്ന കൃത്രിമമധുരം ഹൃദയാഘാതത്തിനും മസ്തിഷ്‌കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ അമിത ഉപയോഗം കാരണമാകുന്നതായാണ് കണ്ടെത്തല്‍. ഇതുവഴി സിരകളിലും ധമനികളിലും രക്തയോട്ടം കുറയാന്‍ ഇടയാക്കുന്നു. സൈലിറ്റോള്‍ പ്ലേറ്റ്ലറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചാണ് രക്തക്കട്ടകള്‍ക്ക് ഇടയാക്കുന്നത്.
ഷുഗര്‍ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും സൈലിറ്റോള്‍ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്തമായ പഴങ്ങളിലും ചെറിയ തോതില്‍ കാണപ്പെടുന്നതാണ് സൈലിറ്റോള്‍. ഇത് പിന്നീട് വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചുതുടങ്ങി.
സൈലിറ്റോളിന് ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ പതുക്കെയേ ഉയരുകയുള്ളൂ. ചില ടൂത്ത്പേസ്റ്റിലും മൗത്ത് വാഷുകളിലും സൈലിറ്റോള്‍ ചേര്‍ക്കാറുണ്ട്. എറിത്രിറ്റോള്‍ എന്ന കൃത്രിമമധുരം പകരുന്ന വസ്തുവും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.