ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല.ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി ആവശ്യപ്പെടുന്ന പക്ഷം രോഗിയെ ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവില്‍ കിടത്തുന്നത് വ്യര്‍ഥമാണെന്നും മാര്‍ഗനിര്‍ദ്ദേശം പറയുന്നു.
അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിനുള്ള മാനദണ്ഡം നിര്‍ണയിക്കേണ്ടത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റര്‍ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡങ്ങളായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യുവില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐ.സി.യു. പ്രവേശനത്തിന് കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയറ്റീവ് കെയര്‍ നിര്‍ദ്ദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെട്ടാലും രോഗിയെ ഐ.സി.യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം.