കൊവിഡ് 19 വാക്‌സിനായ കോര്‍ബെവാക്‌സ് വാക്സീനെ അടിയന്തര ഉപയോഗത്തിനുള്ള മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സീന്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോര്‍ബെവാക്‌സ് വാക്‌സീനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. അടിയന്തര ഉപയോഗത്തിനുള്ള മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി നിര്‍മ്മാതാക്കളായ ബയോളജിക്കല്‍ ഇ ലിമിറ്റഡാണ് അറിയിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് വാക്‌സീന്‍ നിര്‍മ്മിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ഈ അംഗീകാരം കൊവിഡ് -19നെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.
2021 ഡിസംബര്‍ മുതല്‍ മുതിര്‍ന്നവര്‍ക്കും കൗമാരപ്രായക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി കോര്‍ബെവാക്സ് വാക്സിന് ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. 2022 ജൂണില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യത്തെ ഹെറ്ററോളജിക്കല്‍ കോവിഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനുള്ള അനുമതിയും വാക്സീന് ലഭിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറ് ദശലക്ഷം ഡോസ് കോര്‍ബെവാക്‌സ് വാക്‌സീനാണ് ബയോളജിക്കല്‍ ഇ ലിമിറ്റഡ് കേന്ദ്രസര്‍ക്കാരിന് വിതരണം ചെയ്തത്.