ഉപ്പ് ഭക്ഷണത്തില്‍ അത്യാവശ്യമായും വേണ്ടതാണ്. ശരീരത്തിലെ നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് ഉപ്പ് ആത്യാവശ്യമാണ്. എന്നാല്‍ ഉപ്പ് അമിതമായി ചേര്‍ക്കുന്ന ശീലം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉപ്പ് ഉപയോഗിക്കുന്നതില്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടിയ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് മിതമായ അളവില്‍ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. ഉപ്പിന്റെ കൂടുതലുള്ള ഉപയോഗം രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകും. ഉപ്പില്‍ സോഡിയം ഉള്ളതിനാല്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടുകയും രക്തസമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യുന്നു. രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഹൃദ്രോഗസാധ്യതയും കൂടും. പക്ഷാഘാതം, ഹൃദയത്തകരാറുകളുണ്ടാകാനും സാധ്യതയുണ്ട്.
അതുകൊണ്ട് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ശരീരത്തില്‍ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകള്‍. എന്നാല്‍ അമിത ഉപ്പ് ഉപയോഗം വൃക്കകള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിച്ച് ക്രമേണ വൃക്കകള്‍ തകരാറിലാകുകയും ചെയ്യും. ഭക്ഷണത്തില്‍ അധികമായി ഉപ്പ് ചേര്‍ത്തുപയോഗിക്കുന്നത് ബൗദ്ധികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഓര്‍മശക്തി, ശ്രദ്ധ ഇവയെയെല്ലാം ബാധിക്കും. ഇത് മറവിരോഗത്തിനുള്ള സാധ്യതയും ഓര്‍മശക്തിയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടും. ഉപ്പിന്റെ അമിതമായ ഉപയോഗം ദാഹം കൂട്ടും.
കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ വെള്ളം അടിഞ്ഞുകൂടി നീര്‍ക്കെട്ടിനു കാരണമാകും. കൈകളിലും കാലുകളിലും പാദങ്ങളിലും കണങ്കാലിലുമെല്ലാം വീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉപ്പ് കൂടുതല്‍ കഴിക്കുന്നത് അനാരോഗ്യം ക്ഷണിച്ചു വരുത്തലാകും. അതുകൊണ്ടുതന്നെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.