പേവിഷബാധ പ്രതിരോധവാക്സിന്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി കേന്ദ്രസര്‍ക്കാര്‍. നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കില്‍ 26.5 % വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ല്‍ 2.18 ദശലക്ഷം ആയിരുന്നതില്‍ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്.നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ 75%-വും തെരുവുനായ്ക്കളില്‍ നിന്നാണെന്നും കണക്കുകള്‍ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടന്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നതാണ് നിര്‍ദേശം.
പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനു പുറമെ അരിവാള്‍രോഗത്തിനും ഹീമോഫീലിയയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള മരുന്നുകള്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവവഴി ലഭ്യമാക്കും. അരിവാള്‍ രോഗം, ഹീമോഫീലിയ, പേവിഷബാധ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്നും ഇവ കുടുംബങ്ങള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ബാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറും അഡീഷണല്‍ സെക്രട്ടറിയുമായ എല്‍.എസ്. ചാങ്സന്‍ പറഞ്ഞു.