എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തില്‍ കാത്സ്യത്തിന്റെ കുറവ് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. അത്തരത്തില്‍ കാത്സ്യം കുറയുന്ന അവസ്ഥയാണ് ഹൈപോ കാത്സീമിയ. ഇതിനെ എങ്ങനെ തടയാം എന്നു നോക്കാം.ഹൈപോകാത്സീമിയ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം.അതുപോലെ പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം മോശമായാലും ശരീരത്തില്‍ കാത്സ്യം കുറയാനുള്ള സാധ്യതയുണ്ട്.
ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഹൈപോകാത്സീമിയ ഉണ്ടാകാം. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലിന്റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. പേശിവലിവ്, വിറയല്‍,അമിതമായ ക്ഷീണം, വിഷാദം എന്നിവ ഹൈപോകാത്സീമിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
മരവിപ്പാണ് മറ്റൊരു ലക്ഷണം. കാത്സ്യത്തിന്റെ കുറവ് വിരലുകള്‍, കാല്‍വിരലുകള്‍ എന്നിവയില്‍ മരവിപ്പിന് കാരണമാകും. പല്ലിന്റെ ആരോഗ്യം മോശമാകുന്നതും നഖങ്ങളുടെ ആരോഗ്യം മോശമാകുന്നതും കാത്സ്യത്തിന്റെ കുറവ് മൂലമാകാം. കാത്സ്യം ഗുളികകളും കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹൈപോകാത്സീമിയ തടയാന്‍ സഹായിക്കും. ഇതിനായി പാല്‍, ചീസ്, യോഗര്‍ട്ട്, ബീന്‍സ്, നട്‌സ്, മത്സ്യം, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.