ലോകരോഗ്യ സംഘടനയുടെ ഗോ ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ്. ആന്റിബയോട്ടിക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേകം തയ്യാറാക്കിയ നീല നിറമുള്ള കവര്‍ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന നിര്‍ദ്ദേശിച്ചു. ആന്റിബയോട്ടിക് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കും ഈ കവര്‍.
ലോകരോഗ്യ സംഘടനയുടെ ഗോ ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് നീല നിറത്തിലുള്ള പ്രത്യേകം തയ്യാറാക്കിയ കവറില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ കവറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എരൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് സുഭാഷ് ആണ് ആന്റിബയോട്ടിക് മരുന്നുകള്‍ രോഗികള്‍ക്കു പെട്ടന്ന് തിരിച്ചറിയുന്നതിന് പ്രത്യേകം കളര്‍ കോഡുള്ള കവര്‍ വേണമെന്ന ആശയം അവതരിപ്പിച്ചത്. ആന്റിമൈക്രോബിയല്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി എസ് ശിവപ്രസാദ്, ആന്റിമൈക്രോബിയല്‍ വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ആര്‍.അരവിന്ദ്, എരൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് എന്‍ എസ്സ് സുഭാഷ്എന്നിവര്‍ ചേര്‍ന്നാണ് വിതരണത്തിനുള്ള നീല നിറത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മരുന്ന് കവര്‍ തയ്യാറാക്കിയത്.
ഇത്തരം കളര്‍ കോഡിലുള്ള കവറിലൂടെ ആന്റിബയോട്ടിക് വിതരണം ചെയ്താല്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക് മരുന്ന് പെട്ടന്ന് തിരിച്ചറിയാനും അതിലൂടെ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗം തടയുവാനും സാധിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും.