ഇന്ന് ചെറുപ്പക്കാരില്‍ വരെ കണ്ട് വരുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് ഏറ്റവും അപകടകാരിയായ കൊളസ്ട്രോള്‍.രക്തത്തിലെ കൊളസ്ട്രോള്‍ കുത്തനെ കുറക്കുമെന്ന് അവകാശപ്പെടുന്ന മരുന്ന് ഇന്ത്യയിലും ലഭ്യമാകും എന്നവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അമിതമായാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് അത് ഒട്ടും നല്ലതല്ല. ഒരിക്കല്‍ കൊളസ്‌ട്രോള്‍ വന്നു കഴിഞ്ഞാല്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ കൊളസ്ട്രോള്‍ കുത്തനെ കുറക്കുമെന്ന് അവകാശപ്പെടുന്ന മരുന്ന് ഇന്ത്യയിലും ലഭ്യമാകും എന്നതാണ് കൊളസ്ട്രോള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കുള്ള സന്തോഷവാര്‍ത്ത. വളരെ ചെലവേറിയ ഈ മരുന്ന് വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ഇന്‍ക്ലിസിറാന്‍ ആണ് ഈ അത്ഭുത മരുന്ന്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ അല്ലെങ്കില്‍ നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കുന്ന ജീന്‍ സൈലന്‍സിംഗ് മരുന്നുകളില്‍ ഏറ്റവും മികച്ചതാണ് ഇന്‍ക്ലിസിറാന്‍.ഇത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ എടുക്കേണ്ടതുള്ളൂ. ഒരു ഡോസിന് ഏകദേശം 1.2 ലക്ഷം രൂപ ചിലവാകും.കുത്തിവെപ്പിലൂടെ രക്തത്തില്‍ നിന്ന് ഹാനികരമായ കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനുള്ള കരളിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയാണ് ഇന്‍ക്ലിസിറാന്‍ ചെയ്യുന്നത്.
ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികളില്‍ ബ്ലോക്കുകളും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.ഹൃദയാഘാതത്തിന് കാരണമാകുന്ന രക്തത്തിലെ ഘടകമായ എല്‍ഡിഎല്‍ കൂടുതല്‍ ഉള്ള ഇന്ത്യയിലെ ഭൂരിഭാഗം രോഗികളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇപ്പോള്‍ സ്റ്റാറ്റിന്‍ ആണ് കഴിക്കുന്നത്. എന്നാല്‍ യുഎസ്,യുകെ,യൂറോപ്പ് എന്നിവിടങ്ങളില്‍ 2021 മുതല്‍ തന്നെ ഇന്‍ക്ലിസിറാന്‍ ലഭ്യമാണ്.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അളവ് 50% മുതല്‍ 60% വരെ കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.മരുന്നിന്റെ ഉയര്‍ന്ന വില കാരണം ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. താങ്ങാനാവുന്ന വിലയില്‍ ലഭ്യമായാല്‍ നിരവധി ആളുകള്‍ക്ക് ഈ മരുന്നിന്റെ ഗുണം ലഭിക്കും.