രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത് വലിയ ഭാഗ്യം തന്നെയാണ്.സുഖനിദ്ര ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഏറ്റവും പ്രധാനമാണ്.അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ സുഖകരമായ ഉറക്കം അനായാസം നേടാം.
ആരോഗ്യമുളള ശരീരത്തിന് ശരിയായ ഉറക്കം അത്യന്താപേക്ഷിതമാണ്.രാത്രി ഉറക്കത്തിന് മുമ്പ് എന്ത് ചെയ്യുന്നുവെന്നതിനെ അനുസരിച്ചാണ് ഒരുപരിധിവരെ ഉറക്കം ലഭിക്കുന്നത്.ഉറക്കത്തിന്റെ പൂര്‍ണത നഷ്ടപ്പെടുത്തുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. രാത്രി ഭക്ഷണം ഉറക്ക കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രമം തെറ്റിയ ഭക്ഷണ രീതി ,കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും.ഇത്തരം ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇത് മെറ്റബോളിസത്തെയും ആസിഡ് ഉല്‍പ്പാദനത്തേയും അസന്തുലിതമാക്കുന്നു. രാത്രി വൈകിയുള്ള തീവ്രമായ വ്യായാമങ്ങള്‍,മൊബൈല്‍ ഉപയോഗം തുടങ്ങിയവയൊക്കെ ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു.ഫോണുകളിലെ നീല വെളിച്ചം നമ്മുടെ ശരീരം പകല്‍ വെളിച്ചമാണെന്ന് തെറ്റി ധരിക്കുകയും സര്‍ക്കാഡിയന്‍ താളത്തെ തകിടം മറിക്കുകയും മെലറ്റോണ്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. തീവ്രമായ വ്യായാമങ്ങള്‍ ശരീരത്തിലെ ചൂട് ഉയരുന്നതിന് കാരണമാകും. ഇവയൊക്കെയും ഉറക്കത്തിന്റെ താളം തെറ്റിക്കും.ജീവിതശൈലിയില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഉറക്കം അനായാസം നേടിയെടുക്കാം.ഇവയൊക്കെ ശ്രദ്ധിച്ചിട്ടും സ്ഥിരമായി ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.