ഒരു മനുഷ്യന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന തലച്ചോറിന്റെ തകരാര്‍ ആണ് അല്‍ഷിമേഴ്‌സ് രോഗം. മറവിക്ക് പുറമെ സംസാരിക്കാനോ പഠിക്കാനോ കാര്യങ്ങള്‍ മനസിലാക്കാനോ ഉളള ശേഷി അല്‍ഷിമേഴ്‌സ് രോഗബാധിതരില്‍ പതിയെ നഷ്ടപ്പെട്ടുപോകുമെന്നാണ് പഠനം.
അല്‍ഷിമേഴ്‌സിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാന്‍ സാധിക്കില്ല. ഒരു ഘട്ടം വരെ ചികിത്സയുടെ സഹായത്തോടെ രോഗിയുടെ ജീവിതം പ്രയാസരഹിതമാക്കാന്‍ ശ്രമിക്കാമെന്ന് മാത്രം. പ്രായമായവരെയാണ് അധികവും അല്‍ഷിമേഴ്‌സ് ബാധിക്കുന്നത്. അതിനാല്‍ തന്നെ പ്രായം, ജനിതകഘടകങ്ങള്‍ എന്നിവയെ ആണ് പ്രധാനമായും അല്‍ഷിമേഴ്‌സ് രോഗത്തിന് കാരണമായി കണക്കാക്കിയിരുന്നത്. അതേസമയം തന്നെ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍, അസുഖങ്ങള്‍, ഇവയ്ക്കുള്ള ചികിത്സകള്‍ എന്നിങ്ങനെ പല ഘടകങ്ങളും അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. എല്ലാവരിലുമല്ല- ചികിത്സയെടുത്ത ഒരു വിഭാഗം പേരില്‍ ഇത് അല്‍ഷിമേഴ്‌സിന് ഇടയാക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ് ഇതിന്റെ ഭാഗമായി അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതിന്റെ പേരില്‍ ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഈ ഹോര്‍മോണുകള്‍ തലച്ചോറില്‍ 'അമൈലോയ്ഡ് ബീറ്റ പ്രോട്ടീന്‍' എന്ന പ്രോട്ടീന്‍ കൂടുതലാക്കുന്നു. ഈ പ്രോട്ടീനാണ് അല്‍ഷിമേഴ്‌സിലേക്ക് രോഗിയെ നയിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.