സ്ത്രീകളില്‍ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥമൂലമുണ്ടാകുന്ന രോഗമാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം.ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ ഓര്‍മശക്തിയെയും ഈ രോഗം ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവം,പൊണ്ണത്തടി, അമിത രോമവളര്‍ച്ച തുടങ്ങിയവയ്ക്ക് പുറമേ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയായ പിസിഒഎസ് ഉത്കണ്ഠ, സങ്കടം, ഭക്ഷണ ക്രമക്കേടുകള്‍ തുടങ്ങിയവയ്ക്കും കാരണമാകുന്നു. ശാരികമായ മാറ്റങ്ങളെക്കാള്‍ മാനസികമായ അസ്വസ്ഥതകളും ഈ സമയത്ത് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടതായി വരും.
ശാരികമായ മാറ്റങ്ങളെക്കുറിച്ചുള്ള വ്യാകുലതകളാണ് കൂടുതലായും ഈ മാനസിക സംഘര്‍ഷത്തിന് കാരണം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോളജി വിഭാഗം നടത്തിയ പഠനം പറയുന്നതനുസരിച്ച് പി.സി.ഒ.എസുള്ള സ്ത്രീകളില്‍ ഓര്‍മക്കുറവ്, ശ്രദ്ധക്കുറവും ഉണ്ടാവുമെന്നാണ് പറയുന്നത്.
അമിതഭാരം, മുഖക്കുരു, വന്ധ്യത എന്നിവ ഉള്‍പ്പെടുന്ന പി.സി.ഒ.എസിന്റെ ലക്ഷണങ്ങള്‍ ആത്മവിശ്വാസം കുറക്കുന്നു. പി.സി.ഒ.എസുള്ള സ്ത്രീകളില്‍ പലരും രോഗം ശ്രദ്ധിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പി.സി.ഒ.എസ് നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതിന് ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതും പി.സി.ഒ.എസിന്റെ കാഠിന്യം കുറക്കാന്‍ സഹായിക്കും.