Share this Article
ചൂട് കൂടുന്നു; അൽപം ശ്രദ്ധിച്ചാൽ അപകട സാധ്യത ഒഴിവാക്കാം
The heat rises; A little care can avoid the danger

ജില്ലയിൽ ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സൂര്യതാപം

സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ  ലക്ഷണങ്ങൾ. 

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്. 

ചൂടുകുരു( ഹീറ്റ് റാഷ്)

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ  വെയിൽ നേരിട്ട് ഏൽക്കാതിരിക്കുവാൻ കുട ഉപയോഗിക്കുന്നത് ശീലമാക്കുക


 പ്രതിരോധ മാർഗങ്ങൾ 

* വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

* ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറിയ വെള്ളം  തുടങ്ങിയവ ധാരാളമായി കുടിക്കുക.

* വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

* വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

* കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. 

* കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. 

* കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ  വസ്ത്രങ്ങൾ ധരിക്കുക.

* വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

* വെയിലത്തും തുറസ്സായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ അപകട സാധ്യത കൂടിയ വിഭാഗത്തിൽപെട്ടവർ ആയതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories