മണ്ണിനടിയിലെ പൊന്നിന്‍കട്ടയെന്നറിയപ്പെടുന്ന മഞ്ഞളിനെ നിറം കൊണ്ട് മാത്രല്ല പണ്ടുകാലത്തുള്ളവര്‍ സ്വര്‍ണമെന്ന് വിളിച്ചത്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ തനി തങ്കമാണ് മഞ്ഞളെന്ന് ആരും സമ്മതിക്കും.
അയ്യായിരം വര്‍ഷത്തിലേറെയായി ആയുര്‍വേദത്തില്‍ മഞ്ഞള്‍ ഔഷധ ഗുണങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അദ്ഭുതകരമായ ഈ സുഗന്ധവ്യജ്ഞനം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പുരാതന ഇന്ത്യയിലെ സമൃദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന മഞ്ഞള്‍ പാചകാവശ്യത്തിനു പുറമേ, നിരവധി ചികിത്സകള്‍ക്കും ഉപയോഗിക്കുന്നു. മഞ്ഞളിന്റെ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
രക്തത്തെ ശുദ്ധീകരിക്കുന്നു, രക്തയോട്ടം വര്‍ധിപ്പിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു, ഇതിന്റെ ആന്റി-കോഗ്യുലേഷന്‍ ഗുണങ്ങള്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നു രക്ത ശുദ്ധീകരണത്തിലൂടെ ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താനും മുറിവ് ഉണക്കുന്നതിനും സഹായിക്കുന്നു എന്നിവയെല്ലാം മഞ്ഞളിന്റെ ഗുണങ്ങളില്‍ ചിലതാണ്. മഞ്ഞള്‍ അലര്‍ജിക്കും, ജലദോഷത്തിനും ഫലപ്രദമാണ്.
പിത്തസഞ്ചി പ്രവര്‍ത്തനങ്ങളെ സഹായിക്കാനും അടിവയറ്റിലെ ശ്ലേഷ്മപടലങ്ങളെ നീക്കം ചെയ്യാനും ആര്‍ത്തവ പ്രശ്നങ്ങള്‍ കുറയ്ക്കാനും മഞ്ഞള്‍ ഏറെ നല്ലതാണ്.മഞ്ഞളിലെ നിരവധി സംയുക്തങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ഏറ്റവും അറിയപ്പെടുന്നത് കുര്‍ക്കുമിന്‍ ആണ്. വിഷാദം ലഘൂകരിക്കാനും ആന്റീഡിപ്രസന്റുകളെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കുര്‍ക്കുമിന് കഴിയും.