പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കൊച്ചു കുഞ്ഞുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. എന്നിട്ടും പുകവലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല എന്നതാണ് വാസ്തവം. പുകവലി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം സകല അവയവങ്ങളെയും സാരമായി ബാധിക്കുന്നു. ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന ഓരോ സിഗരറ്റും ബീഡിയും നമ്മളെ മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരെയും ബാധിക്കാറുണ്ട്. ഓരോ പ്രദേശത്തും ഓരോ പേരില്‍ ഉപയോഗിച്ചു വരുന്ന ഖൈനി, ഗുട്ട്ഖാ, മാഷേരി, സര്‍ഡാ, പാന്‍ തുടങ്ങി എല്ലാത്തിലും മുഖ്യഘടകം പുകയില തന്നെ.
പുകവലി പ്രതിരോധ ശേഷിയെ ബാധിക്കുകയും, കൂടുതല്‍ അണുബാധകളും രോഗങ്ങളും ഉണ്ടാകുമെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുകവലി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പുകവലി ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം, അവയവങ്ങളുടെ കേടുപാടുകള്‍ എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചറിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുകയില ഉപയോഗത്തിന്റെ ഹ്രസ്വകാലവും ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തിയത്. പ്രായം, ലിംഗഭേദം, ജനിതകശാസ്ത്രം എന്നിവയ്ക്കൊപ്പം, രോഗപ്രതിരോധ സംവിധാനത്തിന് കാര്യമായ സംഭാവന നല്‍കുന്ന അധിക വേരിയബിളുകളും പഠനത്തിലൂടെ കണ്ടെത്തി.