സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവുമധികമായി കണ്ടുവരുന്ന കാന്‍സറാണ് ഗര്‍ഭാശയഗള അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍.മറ്റ് കാന്‍സര്‍ രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അണുബാധമൂലമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത്.
ഹ്യൂമന്‍ പാപ്പിലോമ അധവാ എച്ച്.പി.വി എന്ന വൈറസിന്റെ വകഭേദങ്ങളാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലുമൊക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്.
സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന വൈറസ് വിവിധ തരത്തിലുണ്ട്. അതില്‍ 14 തരം വൈറസുകളാണ് കൂടുതല്‍ അപകടകാരികള്‍ . എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
വളരെ വേഗത്തില്‍ വ്യാപിക്കുന്ന വൈറസ് ശാരീരിക ബന്ധത്തിലൂടെയും മറ്റ് ചര്‍മ സമ്പര്‍ക്കത്തിലൂടെയുമാണ് ബാധിക്കുന്നത്. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികളില്‍ സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ , പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍ തുടങ്ങിയവരിലും രോഗബാധ ഉണ്ടാകാം.