വളരെ അപൂര്‍വമായി ഉണ്ടാകുന്നതും ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒന്നാണ് പോപ്കോണ്‍ ലങ്.ശ്വാസകോശത്തിലെ ചെറിയ വായു അറകള്‍ക്കും ബ്രോങ്കിയോളുകള്‍ എന്നറിയപ്പെടുന്ന ഭാഗങ്ങള്‍ക്കും ക്ഷതം വരുത്തുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
സമീപകാലത്തായി ഇ സിഗരറ്റിന്റെയും വാപ്പിങ്ങിന്റെയും ജനപ്രീതിയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
വാപ്പിങ്ങുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പോപ്കോണ്‍ ലങ്.ശാസ്ത്രീയമായി ബ്രോങ്കിയോലൈറ്റിസ് ഒബ്ലിറ്ററന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ അവസ്ഥ വളരെ അപൂര്‍വമായി ഉണ്ടാകുന്നതാണെങ്കിലും ഇത് ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ശ്വാസകോശത്തിലെ ചെറിയ വായു അറകള്‍ക്കും ബ്രോങ്കിയോളുകള്‍ എന്നറിയപ്പെടുന്ന ഭാഗങ്ങള്‍ക്കും ക്ഷതം വരുത്തുന്ന രോഗാവസ്ഥയാണ് പോപ്കോണ്‍ ലങ്. ഈ ക്ഷതം കലകളില്‍ മുറിവുകളുണ്ടാക്കുകയും ഇത് ശ്വാസനാളത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഇതുമൂലം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസംമുട്ട്, പനിയോ ആസ്മയോ ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന ചുമ എന്നിവയാണ് പോപ്കോണ്‍ ലങ്ങിന്റെ ലക്ഷണങ്ങളായി പറയുന്നത്.
കാലക്രമേണ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകുകയും ശാരീരികാധ്വാനസമയത്ത് രൂക്ഷമാകുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് രോഗം തിരിച്ചറിയുന്നതിനും ചികിത്സയ്ക്കും നിര്‍ണായകമാണ്.
മാരക രാസവസ്തുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പോപ്കോണ്‍ ലങ് ഡിസീസിനുള്ള സാധ്യത കൂടുതലാണ്.മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരിശോധന, നെഞ്ചിന്റെ എക്സ് റേ, സിടി സ്‌കാന്‍, ശ്വാസകോശ പരിശോധനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് രോഗം സ്ഥിരീകരിക്കുന്നത്. പോപ്കോണ്‍ ലങ്ങിന് ചികിത്സ ഇല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും രോഗം അധികരിക്കുന്നത് തടയാനുമുള്ള ചികിത്സകള്‍ ലഭ്യമാണ്.