കടുത്ത ചൂടിനൊപ്പം സംസ്ഥാനത്ത് ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുകയാണ്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. കൂടാതെ മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.
ഈവര്‍ഷം മൂവായിരത്തിലധികം പേര്‍ക്ക് ചിക്കന്‍പോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ചൂട് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചൂടുകാലത്ത് കണ്ടുവരുന്നതും വേഗത്തില്‍ പടരുന്നതുമായ രോഗമാണ് ചിക്കന്‍പോക്സ്.
'വേരിസെല്ല സോസ്റ്റര്‍' എന്ന വൈറസാണ് രോഗം പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹരോഗികള്‍, നവജാതശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് രോഗം വന്നാല്‍ സങ്കീര്‍ണമാകാനിടയുണ്ട്. ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുന്‍പ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും.
തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്. കുമിളകള്‍, ചുവന്ന തടിപ്പ്, കുരു തുടങ്ങിയവയാണ് ആദ്യം കാണാറുള്ളത്. ശരീരവേദന, ക്ഷീണം, നടുവേദന തുടങ്ങിയവയും മറ്റ് ലക്ഷണങ്ങളാണ്. ചിലരില്‍ ചെറിയ പനിയും കാണാറുണ്ട്.
രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരാറുള്ളത്. ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ശ്രവങ്ങള്‍വഴിയും രോഗം പടരും. പരീക്ഷക്കാലമായതിനാല്‍ കുട്ടികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗബാധിതരായ കുട്ടികളെ കുമിളകള്‍ ഉണങ്ങിക്കഴിഞ്ഞതിനുശേഷം പൊറ്റകള്‍ കൊഴിഞ്ഞുപോകുന്നതുവരെ സ്‌കൂളില്‍ വിടാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേഗം ശ്രദ്ധിക്കണം. ചിക്കന്‍പോക്സ് വന്നാല്‍ ഭേദമായിട്ടേ കുളിക്കാന്‍ പാടുള്ളൂവെന്നൊരു തെറ്റായ ധാരണ ചിലരിലുണ്ട്.
ശുദ്ധജലം ഉപയോഗിച്ച് നിത്യവും കുളിക്കുന്നതാണ് രോഗം ഭേദമാകാന്‍ നല്ലത്. കുളിക്കാതിരുന്നാല്‍ അണുബാധ രൂക്ഷമാകാനിടയുണ്ട്. ചിക്കന്‍പോക്സിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സ ലഭ്യമാണ്. പ്രമേഹമുള്ളവരും പ്രായാധിക്യമുള്ളവരും വാക്സിന്‍ എടുക്കുന്നതും നല്ലതാണ്.