ഏകാന്തത മനുഷ്യന്റെ ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ദിവസേന പന്ത്രണ്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമായ രോഗങ്ങള്‍ ഏകാന്തതയുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയേക്കാള്‍ അപകടകാരിയാണ് ഏകാന്തതയെന്നാണ് പഠനത്തില്‍ പറയുന്നത്.
സമ്മര്‍ദം വര്‍ധിക്കാന്‍ കൂടി കാരണമാകുന്ന ഏകാന്തത മാനസിക-ശാരീരികാരോഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. പലപ്പോഴും ആരോഗ്യം സംരക്ഷിക്കാന്‍ പുകവലി നിര്‍ത്താനും ഉയര്‍ന്ന കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കാനും മദ്യപാനം നിര്‍ത്താനുമൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
എന്നാല്‍ അവയേക്കാളൊക്കെ ശ്രദ്ധകൊടുക്കേണ്ട വിഷയമാണ് ഏകാന്തത. ഏകാന്തത വൈകാരികമായി തളര്‍ത്തുകമാത്രമല്ല ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനും പ്രതിരോധശേഷി കുറയാനും വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിക്കാനും ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കാനുമൊക്കെ ഏകാന്തത കാരണമാകും.
എല്ലാ പ്രായക്കാരേയും ബാധിക്കുന്ന വിഷയമാണെങ്കിലും പ്രായമായവരിലാണ് ഏകാന്തത കൂടുതല്‍ വഷളായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്. പ്രായമാകുന്നതോടെ വിരമിക്കല്‍, വിവാഹമോചനം, കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ മരണം തുടങ്ങിയവ മൂലം സാമൂഹിക ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്നവര്‍ നിരവധിയുണ്ട്.
ഇത് തിരിച്ചറിയപ്പെടാതെ പോകുന്നത് അവരുടെ ആരോഗ്യം വീണ്ടും താറുമാറാക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.ഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണ്.
കോവിഡിന് മുമ്പുതൊട്ടുതന്നെ ഏകാന്തത അനുഭവിക്കുന്നവരുടെ നിരക്ക് കൂടുതലാണെങ്കിലും കോവിഡ് കാലത്തെ സാമൂഹിക അകലവും വീടിനുളളില്‍ കഴിയലുമൊക്കെ സ്ഥിതി വീണ്ടും വഷളാക്കുകയാണ് ചെയ്യുന്നത്. ഏകാന്തതയകറ്റാന്‍ ദിവസേന ഒരുമണിക്കൂറെങ്കിലും വ്യായാമംചെയ്യണം.
രാവിലെയും വൈകീട്ടും അരമണിക്കൂര്‍ ഇളംവെയില്‍കൊണ്ട് നടക്കാം.സമപ്രായക്കാരായ സുഹൃത്തുക്കളുമായി അരമണിക്കൂറെങ്കിലും നേരിട്ട് സംസാരിക്കുക.രാത്രിയില്‍ കിടക്കുന്നതിനുമുന്‍പ് അരമണിക്കൂര്‍ പാട്ടുകേട്ടാല്‍ ഒരു പരിധി വരെ ഏകാന്തത നിയന്ത്രിക്കാം.