ഹൊ എന്തൊരു ചൂട്, പുറത്ത് ഇറങ്ങാൻ വയ്യ..... ദിവസത്തിൽ ഒരു തവണ എങ്കിലും ഇക്കാര്യം പറയാത്തവർ ചുരുക്കമാണ്. വേനൽ ചൂടിൽ കേരളം വെന്ത് ഉരുകുകയാണ്. മാർച്ച് മാസമാണ് ചൂട് ഇനിയും കൂടും, ചൂട് കുറക്കാൻ നമ്മുക്ക് മാർഗങ്ങൾ ഒന്നുമില്ല, എന്നാൽ ചൂടിൽ നിന്ന് രക്ഷനേടാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ്, സാധാരണ 8 ഗ്ലാസ്സ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം, എന്നാൽ വേനൽ കാലത്ത് 10 മുതൽ 12 ഗ്ലാസ്സ് വെള്ളം കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ചൂട് കാലത്ത് വിയർപ്പ്, മൂത്രം എന്നിവയിലൂടെ ധാരാളം വെള്ളം നഷ്മാകുന്നതിനാൽ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ദാഹമുള്ളപ്പോഴും വ്യായാമം ചെയ്യുമ്പോഴും വിയർക്കുമ്പോഴും നന്നായി വെള്ളം കുടിക്കണം. വെയിലത്ത് നിന്ന് വന്ന ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല, തിളപ്പിച്ച് ആറിയ വെള്ളമാണ് നല്ലത്. മോരുവെള്ളം ,നാരങ്ങ വെളളം എന്നിവ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ഐസ്ക്രീം, ചായ ,കാപ്പി ,എന്നിവ പരമാവതി കുറക്കുക, സംഭാരം , ഇളനീർ എന്നിവ ശരീരത്തിന് നല്ലതാണ്.
ചൂട് കാലത്ത് എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്
ചൂട് കാലത്ത് വിശപ്പ് കുറയുകയാണ് ചെയ്യുന്നത്, അതിനാൽ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷങ്ങളാണ് നല്ലത്.തണ്ണിമത്തൻ, മാമ്പഴം,വാഴപ്പഴം, ഓറഞ്ച്, മുന്തിരി അങ്ങനെ ജലാംശം കൂടുതൽ ഉള്ള പഴങ്ങളും കക്കരിക, വെള്ളരിക്ക ,തക്കാളി,പാവക്ക,പടവലങ്ങ,വെണ്ടക്ക എന്നീ പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ചെറുപയർ,അരി,ഗോതമ്പ് എന്നിവയും കഴിക്കാവുന്നതാണ്.
ഉരുള കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കാവുന്നതാണ്.ചെറുപയർ, ഉഴുന്ന്,തുവരപ്പരിപ്പ് എന്നിവ ശരീരത്തിലെ ചൂട് കുറക്കുകയും എള്ള്, മുതിര,വൻപയർ എന്നിവ ശരീരത്തിലെ ചൂട് കൂട്ടുകയും ചെയ്യും. മാംസാഹാരം,ഫാസ്റ്റ് ഫുഡ്,കൊഴുപ്പേറിയ ആഹാരങ്ങൾ എന്നിവ ഈ സമയത്ത് പരമാവധി ഒഴിവാക്കുക.
ഇനി ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുറത്ത് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
പരമാവതി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് നിൽക്കാതെ ശ്രദ്ധിക്കുക
കുടിവെള്ളം കയ്യിൽ കരുതുക
ശുദ്ധ ജലം ഉപയോഗിച്ച് ഇടക്ക് കണ്ണ് കഴുകുക
12 മുതൽ 3 വരെയുള്ള സമയം വിശ്രമ വേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക
വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോവാതെ ശ്രദ്ധിക്കുക
ദിവസവും രണ്ട് നേരം കുളിക്കുക
ചിക്കൻ പോക്സ്,അഞ്ചാം പനി ,നേത്രരോഗങ്ങൾ,മൂത്രാശയ രോഗങ്ങൾ, മഞ്ഞപ്പിത്തം,ചെങ്കണ്ണ് എന്നിവയാണ് സാധാരണയായി ചൂട് കാലത്ത് കണ്ടു വരുന്ന രോഗങ്ങൾ.രോഗങ്ങളെ തടയാൻ കൃത്യമായ അളവിൽ വെള്ളവും ഭക്ഷണവും ആവശ്യമാണ്.മാത്രല്ല ചൂട് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സൂര്യാഘാതവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അതിനാൽ തന്നെ ജോലി സമയം ക്രമീകരിച്ച് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുക.