ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം.ഇതിനുള്ള പ്രധാന കാരണം ഉറക്കകുറവാണെന്ന് പറയുമ്പോഴും, ഇതിന് മറ്റ് പലതും കാരണമാവാറുണ്ട്. ക്ഷീണം, നിര്‍ജലീകരണം, ടെന്‍ഷന്‍, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്‌ക്രീന്‍ ഉപയോഗം എന്നിവയും കെമിക്കല്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉപയോഗവും ഇതിനുള്ള മറ്റ് കാരണങ്ങളാണ്. പഴമക്കാര്‍ പറയുന്നത് പോലെ വെളുക്കാന്‍ തേച്ചത് പാണ്ടാകാതെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഇത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം
വെള്ളരിക്ക
വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടണ്‍ തുണിയില്‍ കിഴി കെട്ടി ഫ്രിഡ്ജില്‍ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളില്‍ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോള്‍ കഴുകി കളയാം. കണ്ണുകള്‍ക്ക് ഉണര്‍വ്വ് നല്‍കാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.
തക്കാളി നീര്
തക്കാളി പിഴിഞ്ഞ് അതിന്റെ നീര് ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും് പുരട്ടുക. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുന്നു.
പാല്‍
തണുത്ത പാല്‍ ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക, 10 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.ഇത് കണ്ണിന്റെ കറുപ്പ് നിറം മാറാന്‍ സഹായിക്കും
ബദാം എണ്ണ
ശരീരത്തെ മോയ്ചറൈസ് ചെയ്യാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബദാം എണ്ണ. കുറച്ച് ബദാം എണ്ണ എടുത്ത് കണ്ണിന് ചുറ്റും തടവി കൊടുക്കുക. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും കണ്ണിന് ചുറ്റുമുള്ള തൊലി വളരെ മൃദുവാക്കാനും ഇത് സഹായിക്കുന്നു.
ഇതിനൊക്കെ പുറമെ കൃത്യമായി ഉറങ്ങുന്നതും കണ്ണിന് നല്ല റെസ്റ്റ് കൊടുക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും വളരെ പ്രധാനമാണ്