കേരളത്തിലുടനീളം സുരക്ഷിതവും രുചികരവുമായ ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടുത്തി 'ഈറ്റ് റൈറ്റ് കേരള' എന്ന ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകളാണ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 1600 ഹോട്ടലുകളാണ് ആപ്പിലുള്ളത്. കൂടുതല്‍ ഹോട്ടലുകള്‍ വരുദിവസങ്ങളില്‍ ഉള്‍പ്പെടുത്തും. ആപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ ഭക്ഷ്യവകുപ്പിന്റെ ഓഡിറ്റര്‍മാര്‍ പരിശോധന നടത്തും. ഇതുപ്രകാരമാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നല്‍കുക. നിലവില്‍ പട്ടികയിലുള്ള ഭക്ഷണശാലകള്‍ സ്വമേധയാ മുന്നോട്ടുവന്ന് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടവയാണ്. ബേക്കറികള്‍, ഇറച്ചിക്കടകള്‍ തുടങ്ങിയവയേയും വരുംദിവസങ്ങളില്‍ ആപ്പില്‍ ഉള്‍പ്പെടുത്തും.
ആപ്പില്‍ ഇടംനേടുന്നതിനായി സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നേടണം. അംഗീകൃത ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസറില്‍ നിന്നും ജീവനക്കാര്‍ പരിശീലനം നേടിയിരിക്കണം. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചെങ്കില്‍ മാത്രമേ ആപ്പില്‍ സ്ഥാനം നേടാന്‍ കഴിയുകയുള്ളൂ. അന്‍പതില്‍ കൂടുതല്‍ ചോദ്യങ്ങളാണ് റേറ്റിങ് നല്‍കാനായി തയ്യാറാക്കിയിട്ടുള്ളത്. എംപാനല്‍ ഏജന്‍സികള്‍ നടത്തുന്ന പരിശോധനയില്‍ 81 മുതല്‍ 100 വരെ പോയന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച റേറ്റിങ് കിട്ടും. 61 മുതല്‍ 80 വരെ വളരെ മികച്ചത്, 41 മുതല്‍ 60 വരെ മികച്ചത് എന്നിങ്ങനെയാണ് റേറ്റിങ്.ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായാണ് കേരളത്തിലും ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരാതികള്‍ പരിഹരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. മന്ത്രി വീണാ ജോര്‍ജ്ജാണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.
ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ലഭ്യമാണ്.
Eat Right Kerala App Download link
ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പെടുത്തുവാന്‍ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ടല്‍ ഈ ആപില്‍ ലിങ്ക് ചെയ്തിരിക്കുന്നു. ആതിനാല്‍ ഈ ആപിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.