ന്യൂഡൽഹി: ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സും അവതരിപ്പിച്ച് ആപ്പിൾ.ഇത്തവണയും പ്രോ മോഡലുകളിൽ ഗംഭീര സവിശേഷതകളാണ് ആപ്പിൾ ഉൾകൊള്ളിച്ചിരിക്കുന്നത്. അതോടൊപ്പം വിലയുടെ കാര്യത്തിലും ആപ്പിൾ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി വില രണ്ട് ലക്ഷം തൊട്ടു. ഐഫോൺ 15 പ്രോ മാക്സ് 1TBയ്ക്ക് വില 1,99,900 രൂപയാണ്.
ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി.
ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു.
ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 15 പ്രോ മാക്സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനും പ്രത്യേകതയാണ്. ടൈറ്റാനിയം ഉപയോഗിക്കുന്നതോടെ ഭാരം കുറയും. നേരത്തെ സ്റ്റെയിൻലെസ് സ്റ്റീലായിരുന്നു ബോഡിയിൽ ഉപയോഗിച്ചിരുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ തലമുറ ചിപ്‌സെറ്റായ A17 പ്രോ ബയോണിക് ചിപ്സെറ്റിലാണ് ഇരുമോഡലുകളും പ്രവർത്തിക്കുന്നത്. പുതിയ 3-നാനോമീറ്റർ പ്രൊഡക്ഷൻ പ്രോസസോടുകൂടിയ ആപ്പിളിന്റെ ആദ്യ ചിപ്പാണ് A17. കരുത്തിൽ മറ്റേതൊരു ചിപ്സെറ്റിനെയും വെല്ലുന്ന പ്രകടനമായിരിക്കും എ17ന്. അതോടൊപ്പം ആദ്യമായി എട്ട് ജിബി റാമും ഐഫോൺ മുൻനിര മോഡലുകളിലെത്തുകയാണ്.
ആപ്പിൾ വാച്ച് അൾട്രായിലുള്ളതിന് സമാനമായ പ്രോഗ്രാമബിൾ ആക്ഷൻ ബട്ടണും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുമായാണ് പുത്തൻ ഫ്ലാഗ്ഷിപ്പുകളെത്തുന്നത്. പ്രോ മോഡലുകൾക്ക് 10 ജിഗാബിറ്റ് ട്രാൻസ്ഫർ വേഗതയുള്ള യു.എസ്.ബി 3.0 പിന്തുണയുമുണ്ട്. കൂടാതെ, നേരിട്ട് എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകളിൽ സ്റ്റോർ ചെയ്യുന്ന രീതിയിൽ വിഡിയോകളും ചിത്രങ്ങളും പകർത്താനുള്ള ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാമറയിലേക്ക് വരുമ്പോൾ ഇതുവരെയുള്ള ഐഫോണുകളിൽ വെച്ച് ഏറ്റവും കിടിലൻ ക്യാമറ ഫീച്ചറുകളുമായാണ് ഐഫോൺ പ്രോ മോഡലുകളെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി പെരിസ്‌കോപ്പ് ക്യാമറ സജ്ജീകരണമാണ് അതിൽ എടുത്തുപറയേണ്ടത്.
5എക്സ് വരെ സൂം കാപബിലിറ്റിയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറയുമാണ് ഈ മോഡലുകൾക്കുള്ളത്. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളുള്ള മെച്ചപ്പെട്ട 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാകും പ്രോ മോഡലുകളിൽ. അതോടൊപ്പം 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയുമുണ്ട്.
ഇത്തവണ ആപ്പിൾ, തങ്ങളുടെ പ്രീമിയം വകഭേദങ്ങളിൽ എടുത്തുപറഞ്ഞ സവിശേഷത അതിന്റെ ടൈറ്റാനിയം ബോഡിയാണ്. നാസയുടെ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയൽ ആണ് പുതിയ ഐഫോൺ 15 പ്രോ സീരീസിന്റെ ബോഡിക്ക് കരുത്തേകുന്നത്. കൂടാതെ, ഐഫോൺ 14 പ്രോ സീരീസിലുണ്ടായിരുന്ന സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് മാറുന്നതിനാൽ പുതിയ ഫോണുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നേർത്ത ബെസലുകളുമായാണ് ഐഫോൺ 15 പ്രോ സീരീസുകളെത്തുന്നത്. സ്ക്രീനിന് അരികുകളുണ്ടെന്ന് തോന്നാത്ത വിധമാണ് നിർമാണം. 6.1 ഇഞ്ച് വലിപ്പമാണ് ഐഫോൺ 15 പ്രോയ്ക്ക്, അതേസമയം, പ്രോ മാക്സിന് 6.7 ഇഞ്ച് വലിപ്പമുണ്ട്. സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്‍പ്ലേയാണ് ഇരുഫോണുകൾക്കും. സെറാമിക് ഷീൽഡിന്റെ സുരക്ഷയും മുൻഭാഗത്തുണ്ട്.
23 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 75 മണിക്കൂർ ഓഡിയോ പ്ലേബാക്ക് എന്നിങ്ങനെയാണ് ഐഫോൺ 15 പ്രോയുടെ ബാറ്ററി ലൈഫിനെ കുറിച്ച് ആപ്പിൾ എടുത്തുപറഞ്ഞത്. അതേസമയം, 15 പ്രോ മാക്സിൽ 29 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 95 മണിക്കൂർ ഓഡിയോ പ്ലേബാക്ക് എന്നിങ്ങനെയാണ്.
128, 256, 512, 1TB എന്നിങ്ങനെ നാല് വകഭേദങ്ങളാണ് പ്രോ സീരീസുകളിലുള്ളത്. അതിൽ തന്നെ ഒരു ടിബി മോഡലിന് ഇന്ത്യയിൽ വില രണ്ട് ലക്ഷം തൊട്ടു. ആദ്യമായാണ് ഒരു ഐഫോൺ മോഡലിന് ഇത്രയധികം വിലയിടുന്നത്.
പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15-ന് ആരംഭിക്കും, ഫോണുകൾ സെപ്റ്റംബർ 22-ന് വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും. ഇരു മോഡലുകളും ബ്ലാക്ക് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം ഫിനിഷുകളിൽ വിൽക്കുമെന്ന് ആപ്പിൾ പറയുന്നു.
ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐഫോണ്‍ എന്ന പ്രത്യേകതയും ഇവയ്ക്ക് സ്വന്തമാണ്. ഐഫോൺ 15 പ്രോ മാക്സിന് ഇന്ത്യയിലാദ്യമായി വില രണ്ട് ലക്ഷം തൊട്ടു.ഐഫോണ്‍ 15 ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഡിവൈസുകളും ആപ്പിള്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഇന്ത്യയിലെ ഐഫോണ്‍ ആരാധകര്‍ക്ക് ഇവ വാങ്ങാന്‍ അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം.
ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 15-ന് ഏറ്റവും കുറഞ്ഞ വിലയുള്ളത് യു.എസിലാണ്. 799 ഡോളര്‍- 66,257.47 രൂപ. ഏകദേശം 13,000 രൂപയുടെ വ്യത്യാസം യു.എസിലേയും ഇന്ത്യയിലേയും ഐഫോണ്‍ 15 വിലയിലുണ്ട്. കാനഡയാണ് മറ്റൊരു രാജ്യം. 1129 ഡോളര്‍ അഥവാ 69,027.17 രൂപയാണ് ഇവിടുത്തെ വില. യു.എസില്‍ വില്‍ക്കുന്ന ഐഫോണില്‍ ഇ-സിം സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ഇ-സിം സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.മാത്രവുമല്ല ഇന്ത്യക്ക് പുറത്ത് നിന്ന് വാങ്ങിയ ഐഫോണുകള്‍ക്ക് ഇന്റര്‍നാഷണല്‍ വാറന്റി ലഭിക്കുന്നതിനാല്‍ റിപ്പയറിങിനും തടസങ്ങളുണ്ടാവില്ല.
ഐഫോൺ 15 പ്രോ 128GB: Rs 1,34,900
ഐഫോൺ 15 പ്രോ 256GB: Rs 1,44,900
ഐഫോൺ 15 പ്രോ 512GB: Rs 1,64,900
ഐഫോൺ 15 പ്രോ 1TB: Rs 1,84,900
ഐഫോൺ 15 പ്രോ മാക്സ് 256GB: Rs 1,59,900
ഐഫോൺ 15 പ്രോ മാക്സ് 512GB: Rs 1,79,900
ഐഫോൺ 15 പ്രോ മാക്സ് 1TB: Rs 1,99,900