Share this Article
ഇനി പണമിടപാടിന് കൈവീശി കാണിച്ചാല്‍ മതി; വരുന്നു 'പാം പേ', ഈ വർഷം തന്നെ യുഎഇയില്‍
വെബ് ടീം
posted on 10-05-2024
1 min read
palm-pay-to-let-shoppers-pay-with-a-wave-of-their-hand

ദുബായ്: രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം കാ‍ർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന 'പാം പേ' സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും.പണമിടപാട് കൗണ്ടറുകളിലെ മെഷീനില്‍ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുന്നതാണ് 'പാം പേ' സംവിധാനം. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്കിന്‍റെ സ്ഥാപകനായ അബ്ദുല്ല അബു ഷെയ്ഖാണ് ദുബായ് ഫിന്‍ടെക് സമ്മിറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബയോമെട്രിക് സംവിധാനം ഉപയോഗിപ്പെടുത്തി കൈപ്പത്തി തിരിച്ചറിഞ്ഞ് സമ്പർക്കരഹിത പണമിടപാടുകള്‍ സാധ്യമാക്കുകയെന്നുളളതാണ് 'പാം പേ' ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ കൈപ്പത്തി വായിച്ച് പേയ്‌മെന്റ് മെഷീനുകൾ ഇടപാടുകൾ ആധികാരികമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പേയ്‌മെന്റ് മെഷീനുകള്‍ പ്രാദേശിക വിപണികളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തോടെ 'പാം പേ' മെഷീനുകള്‍ പൂർണ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആസ്ട്ര ടെക്കിന്‍റെ വിലയിരുത്തല്‍. 

ആദ്യഘട്ടത്തില്‍ വില്‍പന കേന്ദ്രത്തില്‍ തന്നെ 'പാം പേ' രജിസ്ട്രേഷന്‍ നടത്താം. മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യപോലെ ഭാവിയില്‍ കൈപ്പത്തി തിരിച്ചറിയുന്ന ''പാം പേ'' യും 'പേ ബെ ബോട്ടിം' പോലുളള ആപ്പുകളിലും ഉപയോഗപ്പെടുത്താം. ബാങ്ക് കാർഡോ ഫോണോ പണമോ നല്‍‍കുന്നതിനേക്കാള്‍ വേഗത്തിലും സുരക്ഷിതത്വത്തിലും സൗകര്യത്തിലും 'പാം പേ' ഉപയോഗപ്പെടുത്താം. ബാങ്കിങ് ഇടപാടുകളുമായും ബന്ധപ്പെടുത്തുന്നതോടെ 'പാം പേ' വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുയെന്നതും 'പാം പേ' ലക്ഷ്യമിടുന്നു.'പാം പേ' തികച്ചും  സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories