ഇന്ത്യയുടെ പുതിയ ദൗത്യം 'ശുക്രയാന്‍-1' 2028 മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തില്‍ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം.
വിജയകരമായ മംഗള്‍യാന്‍, ചന്ദ്രയാന്‍, ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ശുക്രയാന്‍ ദൗത്യത്തിനൊരുങ്ങുന്നത്. 'ശുക്രയാന്‍ 1' എന്ന് പേരിട്ടിരിക്കുന്ന് ദൗത്യം 2028 മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തില്‍ വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നു പേരുള്ള ദൗത്യമെത്തുക. 19 ഉപകരണങ്ങള്‍ വിവിധ പഠനങ്ങള്‍ക്കായി ദൗത്യത്തിലുണ്ടാകും. ശുക്രനിലേക്കുള്ള ദൗത്യത്തില്‍ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാന്‍ ശക്തമായ എല്‍വിഎം-3 റോക്കറ്റാണ് ഉപയോഗിക്കുക.
2028 മാര്‍ച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുക്രന്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവ പഠിക്കാനാണ് വീനസ് ഓര്‍ബിറ്റര്‍ ലക്ഷ്യമിടുന്നത്.
ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകള്‍, ഭൂകമ്പ ചലനങ്ങള്‍ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. ശുക്രയാന് 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ ശ്രദ്ധേയമായ മറ്റൊരു കാല്‍വയ്പായിരിക്കും ശുക്രയാന്.